'തുടര്‍ഭരണം തടയാന്‍ വീണ്ടും കോലീബി സഖ്യത്തിന് ശ്രമം നടക്കുന്നു'; ആരോപണവുമായി കോടിയേരി

Published : Jul 26, 2020, 06:29 PM ISTUpdated : Jul 26, 2020, 06:44 PM IST
'തുടര്‍ഭരണം തടയാന്‍ വീണ്ടും കോലീബി സഖ്യത്തിന് ശ്രമം നടക്കുന്നു'; ആരോപണവുമായി കോടിയേരി

Synopsis

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.  

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലുള്ള അവിശുദ്ധ കോലീബി സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ ഇഷ്ടനേതാവായി ചെന്നിത്തല മാറിയെന്ന ആക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഈ ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ കേരള ജനത തള്ളിക്കളയുമെന്നും കോടിയേരി  കുറ്റപ്പെടുത്തി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മന്‍ചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ സുരേന്ദ്രന്‍ ഉന്നയിച്ചു. ഉടനെ ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് വിശദീകരിച്ചിട്ടും ഈ നുണ ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ നേതാവ് തയ്യാറായത്. പ്രതിപക്ഷ നേതാവും ബിജെപി പ്രസിഡന്റും നുണകള്‍ ഒരേ സമയം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ച അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ്-ബിജെപി- മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവര്‍ത്തിച്ച കാര്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ?

കോണ്‍ഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എകെജി സെന്ററിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മന്‍ചാണ്ടിക്ക് ഇന്നത്തെ ബിജെപി എംപി മാരില്‍ നൂറിലധികം പേര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിന്‍ പൈലറ്റ് ബിജെപിയിലാണോ കോണ്‍ഗ്രസ്സിലാണോ എന്നു പറയാന്‍ എഐസിസി സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഇഎംഎസ് സര്‍ക്കാരിനെ താഴത്തിറക്കാന്‍ നടന്ന വിമോചന സമരത്തില്‍ ജനസംഘം നേതാവ് വാജ്പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവര്‍ക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാന്‍ മുസ്ലീം ലീഗും, കോണ്‍ഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേര്‍ന്ന് സമാന്തര സമരപരിപാടികള്‍ കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.

എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയില്‍ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കട്ടെ. ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ബിജെപി തന്ത്രത്തെ ജനങ്ങള്‍ തിരിച്ചറിയും. എല്‍ഡിഎഫ് ഗവണ്‍മെന്റിനെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങള്‍ചെറുത്ത് പരാജയപ്പെടുത്തും.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ