'സൗഹൃദപരം'; ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കോടിയേരി

By Web TeamFirst Published Oct 12, 2019, 7:43 PM IST
Highlights

അതേസമയം, കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത് ഇടത് പക്ഷത്തിന്റെ പരാജയഭീതിയാണ് കാണിക്കുന്നതെന്ന് പി ജെ കുര്യൻ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദപരമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂടികാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കോന്നിയിലെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ മതവിഭാഗത്തിൽപ്പെട്ടവരെയും കാണും. മതമേധാവികളെയും കാണും. ഏതെങ്കിലും ഒരു പാർട്ടിക്ക് ഓർത്തഡോക്സ് സഭ പിൻതുണ പ്രഖ്യാപിച്ചതായി അറിയില്ല. മത വിഭാഗങ്ങളുടെ വിമർശനത്തെ സദുദ്ദേശത്തോടെയാണ് കാണുന്നതെന്നും കോടിയേരി പറ‍ഞ്ഞു.

അതേസമയം, കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത് ഇടത് പക്ഷത്തിന്റെ പരാജയഭീതിയാണ് കാണിക്കുന്നതെന്ന് പി ജെ കുര്യൻ കുറ്റപ്പെടുത്തി. യുഡിഎഫിന് ഇക്കാര്യത്തിൽ ആശങ്കയില്ല. വിശ്വാസികൾ യുഡിഎഫിനൊപ്പമെന്നും പിജെ കുര്യൻ പറ‍ഞ്ഞു.

ശനിയാഴ്ച കോഴഞ്ചേരി കാട്ടൂര്‍ പള്ളിക്ക് സമീപം അരമണിക്കൂറോളമാണ് അടച്ചിട്ട മുറിയില്‍ പൗലോസ് ദ്വിതീയന്‍ ബാവയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കോടിയേരി ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ തേടിയതായാണ് സൂചന. സിപിഎം നേതാക്കളായ രാജു എബ്രഹാം എംഎല്‍എയും കെജെ തോമസും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.

സഭാ തര്‍ക്ക വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും തങ്ങളെ സഹായിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയുണ്ടെന്നും കാണിച്ച് ഓര്‍ത്തഡോക്‌സ് സഭ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലടക്കം യുഡിഎഫിനും എൽഡിഎഫിനുമെതിരെ ഓര്‍ത്തഡോക്‌സ് സഭ നിലപാടെടുക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ പിന്തുണക്കുന്നെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സഭാമേലധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.

click me!