
കോഴിക്കോട്: കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഇതിനായി പള്ളി വികാരിയെ സമീപിച്ചിരുന്നുവെന്നും കല്ലറ തുറന്ന് പരിശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബങ്ങൾക്കിടയിൽ ജോളി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് ജോളി ഭയപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മയും പറഞ്ഞിരുന്നു. രണ്ടുദിവസം മുമ്പ് തന്നെ താന്‍ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നു. ജോളി ഭയപ്പെട്ടിരുന്നുവെന്നും പരിഭ്രാന്തി കാണിച്ചിരുന്നുവെന്നും മക്കളുടെ കാര്യത്തില്‍ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഏലിയാമ്മ കൂട്ടിച്ചേർത്തു.
കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റം കുടുംബത്തിന്റെ കല്ലറകൾ ജില്ലാ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതോടെയാണ് കൂടത്തായി കൊലപതാക പരമ്പരയുടെ ചുരുളഴിയുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യം സിസിലിയുടേയും മകൾ ആൽഫയുടേയും മൃതദേദഹമാണ് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.
അതേസമയം, പൊന്നാമറ്റത്തെ കുടുംബാംഗങ്ങളെ വകവരുത്താന്‍ ജോളിക്ക് രണ്ടാം പ്രതി മാത്യു സയനൈഡ് നല്‍കിയത് രണ്ട് പേരില്‍ നിന്നാണെന്നുള്ള വിവരങ്ങളും പുറത്തുവന്നു. മൂന്നാം പ്രതി താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്നാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രജുകുമാറിനൊപ്പം മറ്റൊരാള്‍ക്കൂടി മാത്യുവിന് സയനൈഡ് നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്നാല്‍ ഇയാള്‍ മരിച്ചതിനാല്‍ ഈ ദിശയില്‍ ഇനി അന്വേഷണത്തിന് സാധ്യത കുറവാണെന്ന് പൊലീസ് അറിയിച്ചു.
കുടുംബാംഗങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ ജോളിയുടെ കൈയിലേക്ക് മാരകമായ പൊട്ടാസ്യം സയനൈഡ് ആണ് മാത്യു എത്തിച്ചത്. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് തന്റെ കയ്യിൽനിന്ന് മാത്യു സയനൈഡ് വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രജുകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മരിച്ച റോയിയുടെ സഹോദരൻ റോജോയുടെ പരാതിയിൻ മേലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആംഭിച്ചത്. ഒരു കുടുംബത്തിലെ ആറുപേർ സമാനരീതിയിൽ മരിച്ചതിലെ ദുരൂഹതയാണ് കേസന്വേഷണത്തിന് വീണ്ടും വഴിത്തിരിവായത്. കോഴിക്കോട് എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടത്തായി കൊലപാതകക്കേസ് അന്വേഷിക്കുന്നത്.
അതേസമയം, ആറ് കൊലപാതകങ്ങള്‍ക്ക് പുറമെ ഷാജുവിനെയും ജോളി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഷാജുവുമായി നല്ല ബന്ധത്തിലല്ലായിരുന്ന ജോളി ഷാജുവിനെ ഒഴിവാക്കി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി സിലിയെ വധിച്ചതിനു സമാനമായി ജോണ്‍സന്‍റെ ഭാര്യയെയും ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.
വിനോദയാത്രയ്ക്കിടെ ജ്യൂസില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ ജോണ്‍സന്‍റെ ഭാര്യ ജ്യൂസ് കുടിക്കാഞ്ഞതിനാല്‍ നീക്കം വിജയിച്ചില്ല. അതിനിടെ സിലി, ഇളയ കുഞ്ഞ് ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇവരുടെ ബന്ധുക്കളില്‍ നിന്നും ഇരുവരെയും ചികില്‍സിച്ച കോടഞ്ചേരിയിലെയും ഓമശ്ശേരിയിലെയും ആശുപത്രി അധികൃതരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam