രക്തസാക്ഷിക പട്ടിക: വാരിയംകുന്നത്തിന്റെ പേര് നീക്കുന്നതിനെതിരെ കോടിയേരി

Published : Sep 11, 2020, 01:21 PM ISTUpdated : Sep 11, 2020, 01:35 PM IST
രക്തസാക്ഷിക പട്ടിക: വാരിയംകുന്നത്തിന്റെ പേര് നീക്കുന്നതിനെതിരെ കോടിയേരി

Synopsis

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്.  

സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാമെന്നും കോടിയേരി ആരോപിച്ചു.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കള്‍പോലും സ്വീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ആദ്യം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങള്‍. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവര്‍ ഇന്ത്യന്‍ ദേശീയതയെ ഉള്‍ക്കൊണ്ടു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേര്‍ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കള്‍പോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.

മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുള്‍ കലാം ആസാദ് ഒരു സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം ഈ വേളയില്‍ ഓര്‍ക്കേണ്ടതാണ്. ഇന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളില്‍നിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക:  'ഹിന്ദു- മുസ്ലിം ഐക്യത്തെ ഇന്ത്യ  ഉപേക്ഷിക്കുകയാണെങ്കില്‍ സ്വരാജ് നിങ്ങള്‍ക്ക് അടുത്ത 24 മണിക്കൂറുകള്‍ക്കകം ലഭ്യമാക്കും. അങ്ങനെയെങ്കില്‍ ഞാന്‍ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാല്‍, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കില്‍ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.'
മതവൈരമില്ലാത്ത, ബഹുസ്വരതയില്‍ ഊന്നുന്ന ഈ തരത്തിലുള്ള  പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരില്‍നിന്ന് ജനങ്ങള്‍ ഇന്നും പ്രതീക്ഷിക്കുന്നത്. 

കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആര്‍എസ്എസ് നയിക്കുന്ന മോഡി സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാല്‍, മോഡി ഭരണത്തിന്റെ കത്രികയില്‍ അടര്‍ന്നുവീഴുന്നതല്ല ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന