
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിലേക്ക് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വിധി പറഞ്ഞതാണെന്നും അത് കണക്കിലെത്താണ് ചിഹ്നവും പാർട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടണം: സര്‍വക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി
വിധി വരുന്നതിന് മുമ്പാണ് നേരത്തെ ജോസഫ് നേതൃത്വത്തെ സർവ്വ കക്ഷിയോഗങ്ങളിലേക്ക് വിളിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ ചിഹ്നമടക്കമുള്ള ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോൺഗ്രസ് (എം). അതിന്റെ ഭാഗമായാണ് ഇപ്പോഴും പിജെ ജോസഫ് അടക്കമുള്ളവരുള്ളതെന്നും അതല്ലെങ്കിൽ അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ വിശദീകരിച്ചു.
അതേ സമയം ജോസ് കെ മാണി സർവകക്ഷി യോഗത്തിൽ പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പിജെ ജോസഫ് പ്രതികരിച്ചു. കോടതി വിധി അനുസരിച്ച് ജോസ് കെ മാണിക്ക് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കാനാവില്ലെന്നും ജോസിന്റെ നടപടികളെക്കുറിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും കോടതിയെ അറിയിക്കുമെന്നും ജോസഫ് പ്രതികരിച്ചു. സർവകക്ഷി യോഗത്തിൽ ജോസിനെ വിളിച്ചത് രാഷ്ട്രീയ നേട്ടമല്ലെന്നും രാഷ്ടീയ പരാജയമെന്ന് ഉടൻ വ്യക്തമാകുമെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam