ഭൂരിപക്ഷമല്ല മന്ത്രിയുടെ മാനദണ്ഡം; കെ കെ ശൈലജ, വി ഡി സതീശൻ, സെക്രട്ടറി സ്ഥാനം; മനസ് തുറന്ന് കോടിയേരി

By Web TeamFirst Published May 22, 2021, 5:20 PM IST
Highlights
  • മട്ടന്നൂര്‍ സീറ്റ് നൽകിയത് കെകെ ശൈലജയോടുള്ള കരുതൽ
  • ആര്‍ ബിന്ദുവിന് ബന്ധു പരിഗണന ഇല്ല 
  • സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നത് സാഹചര്യം നോക്കി 
  • വിഡി സതീശൻ മാന്യനായ നേതാവ് 
  • "വര്‍ഗ്ഗീയത ചെറുക്കാൻ സതീശന് കഴിയില്ല" 
  • മന്ത്രിമാരേയും ഓഫീസിനേയും പാർട്ടി വിലയിരുത്തും

തിരുവനന്തപുരം: എല്ലാ വിഭാഗങ്ങളേയും പരിഗണിച്ച് എല്ലാവര്‍ക്കും പ്രാതിനിധ്യം നൽകി മുന്നോട്ട് പോകുകയാണ് ഇടത് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോകുന്നതു കൊണ്ടാണ് തിളക്കമുള്ള വിജയം  നേടാൻ കഴിഞ്ഞതെന്നും കോടിയേരി പറഞ്ഞു. 99 സീറ്റ് കൊണ്ട് എല്ലാം ആയില്ല. മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് തന്നെയാണ് ഇടതുമുന്നണിയും സിപിഎമ്മും മുന്നോട്ടു പോകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 

കോടിയേരി ബാലകൃഷ്ണൻ ആര്‍ അജയഘോഷിനോട് സംസാരിച്ചത്: 

സിപിഎമ്മിന് ഉള്ളത് കൂട്ടായ നേതൃത്വമാണ്. അടുക്കും ചിട്ടയുമായി കാര്യങ്ങൾ മുന്നോട്ട് പോകാൻ പാര്‍ട്ടി കെട്ടുറുപ്പ് കൊണ്ട് കഴിയും.  ഒരു എംഎൽഎ മാത്രമുള്ള പാര്‍ട്ടിക്ക് സാധാരണ മന്ത്രിസ്ഥാനം നൽകാറില്ലായിരുന്നു. ഒരു തരത്തിലും ഭരണത്തിന് തടസമില്ല, പക്ഷെ മുന്നണി സംവിധാനം ആണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വലിയ വിജയം നേടിയതും. സര്‍ക്കാരിന് ഭീഷണിയില്ലാതിരുന്നിട്ടും എല്ലാവരേയും പ്രതിനിധാനം ചെയ്യുന്നതിന് ഒപ്പം മുന്നണി വിപുലീകരണം കൂടി മുന്നിൽ കണ്ടാണ് ഒറ്റ എംഎൽഎ ആയിരുന്നിട്ടും എല്ലാവരേയും മന്ത്രിസ്ഥാനത്തേക്ക് പരിഗൻണിച്ചത്.  

എൽജെഡിയും ജനതാദളും ഒന്നിച്ച് പോകുമെന്നാണ് കരുതിയിരുന്നത്. അതിനുള്ള ശ്രമങ്ങൾ അവര്‍ തുടരണം. ഒരാളെയും അവഗണിക്കില്ല. ഗണേഷ് കുമാറിനെ പരിഗണിക്കുന്നതിന് ആദ്യഘട്ടത്തിൽ പരാതി ഒരു തടസമായിട്ടില്ല. അത് കുടുംബ പ്രശ്നം ആണ്. അതിൽ പാര്‍ട്ടിക്കോ മുന്നണിക്കോ ഇടപെടേണ്ട കാര്യം ഇല്ല. ഒന്നാം ഘട്ടത്തിനേക്കാൾ പ്രധാനം രണ്ടാം ഘട്ടത്തിൽ ആകും എന്ന വിലയിരുത്തലും എല്ലാവിഭാഗങ്ങൾക്കും മന്ത്രിസഭയിൽ പരിഗണനയും ലക്ഷ്യമിട്ടാണ് ആന്റണി രാജുവിനെ ആദ്യഘട്ടത്തിലും ഗണേഷ് കുമാറിനെ രണ്ടാം ഘട്ടത്തിലും പരിഗണിച്ചത്. 

ആര്‍എസ്പിയെ തിരിച്ച് കൊണ്ട് വരാൻ ശ്രമം നടത്തില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്പിയെ തിരിച്ച് കൊണ്ട് വരാൻ മുൻകയ്യെടുക്കില്ല. ഇടതുമുന്നണിക്കൊപ്പം വരണമോ എന്ന കാര്യം ആര്‍എസ്പിക്ക് തീരുമാനിക്കാം. ദേശീയ തലത്തിൽ ആര്‍എസ്പി ഇടതുമുന്നണിക്ക് ഒപ്പമാണെന്നും കോടിയേരി വിശദീകരിച്ചു. ഇതിന് മുന്പ് പലവട്ടം ചർച്ച നടത്തിയിരുന്നു . അന്നൊന്നും അനുകൂല സമീപനം ആയിരുന്നില്ല അവര്‍ക്ക് ഉണ്ടായിരുന്നത്. 

കെകെ ശൈലജയെ മാറ്റിയത് പാർട്ടി തീരുമാനം:

നിയമസഭയിലും മന്ത്രിസഭയിലും പുതിയ ആളുകൾ വരട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം .അത് അനുസരിച്ചാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോയത്. കെകെ ശൈലജയെ അവഗണിച്ചിട്ടില്ല. കരുത്തയായ സഖാവും കേന്ദ്രകമ്മിറ്റി അംഗവുമാണ് കെകെ  ശൈലജ. പാർലമെന്ററി പദവിയേക്കാൾ സിപിഎമ്മിന് വലുത് കെകെ ശൈലജയുടെ പാര്‍ട്ടി പദവിയാണ്. ഭൂരിപക്ഷം നോക്കയല്ല മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചു. 

പാര്‍ട്ടിക്ക് കരുതൽ ഉണ്ടായത് കൊണ്ടാണ് മട്ടന്നൂര്‍ മണ്ഡലം തന്നെ വിട്ടുകൊടുത്തത്. പരീക്ഷണത്തിന് വിട്ടുകൊടുക്കേണ്ട ആളല്ലെന്ന പരിഗണന എന്നും പാര്‍ട്ടിക്ക് ഉണ്ടായിരുന്നു . മികച്ച പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് പലര്‍ക്കും മത്സരിക്കാൻ പോലും അവസരം കിട്ടിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

പാർട്ടി തീരുമാനം കെകെ ശൈലജ മാതൃകാപരമായാണ് ഉൾക്കൊണ്ടത്. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കെകെ ശൈലജയെ പരിഗണിച്ചാൽ മറ്റ് പലരെയും  പരിഗണിക്കണമെന്ന ആവശ്യം പിന്നീട് ഉയർന്ന് വരും. അതിലും ഭേദം പൊതു തീരുമാനവും നിലപാടും അംഗീകരിച്ച് മുന്നോട്ട് പോകുകയാണ്. പുതിയ നേതൃത്വം എന്ന അഭിപ്രായം മുന്നോട്ട് വച്ചപ്പോൾ പാര്‍ട്ടിക്കകത്ത് അതിൽ എതിരഭിപ്രായം ഉണ്ടായില്ലെന്നും കോടിയേരി പറഞ്ഞു. 

ബന്ധു പരിഗണനയില്ല: 

ബന്ധുക്കൾക്ക് പരിഗണന നൽകിയെന്ന ആക്ഷേപം ശരിയല്ലെന്നും കോടിയേരി വിശദീകരിച്ചു. എ വിജയരാഘവന്റെ ഭാര്യ എന്ന നിലയിലല്ല ആര്‍ ബിന്ദുവിന് പരിഗണന കിട്ടിയത്. വിദ്യാർത്ഥി രാഷ്ട്രീയകാലം മുതലുള്ള പ്രവര്‍ത്തനവും അഖിലേന്ത്യാ തലത്തിലെ കേഡര്‍ പദവിയും പരിഗണിച്ചാണ് ആ‌ര്‍ ബിന്ദുവിനെ മന്ത്രിയാക്കിയത്. വനിതാ പ്രാതിനിധ്യവും ഇക്കാര്യത്തിൽ കണക്കിലെടുത്തു,

സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമോ ?

കൊവിഡ് കാലത്തിന്റെ അസൗകര്യം ഉണ്ട്. ചികിത്സ തുടരുന്നുമുണ്ട്. അതുകൊണ്ടാണ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്താൻ നിലവിൽ തടസമായി നിലനിൽക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെയ്യാവുന്ന ചുമതല എന്ന നിലയിലാണ് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തത്. കേരളമാകെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം സ്വീകരിച്ചും സമയമാകുമ്പോൾ പാര്‍ട്ടി ചുമതലയിലേക്ക് മടങ്ങിയെത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

വിഡി സതീശന്‍റെ വരവ്: 

സിപിഎം മാതൃക എല്ലാവരേയും സ്വാധീനിച്ചതിന്റെ തെളിവാണ് കെപിസിസി നേതൃസ്ഥാനത്തേക്ക് വിഡി സതീശന്റെ വരവെന്നും കോടിയേരി പറഞ്ഞു. പുതുമുഖങ്ങൾ എല്ലായിടത്തും വരട്ടെ , പ്രതിപക്ഷത്തെ വിലകുറച്ച് കണ്ട് മുന്നോട്ട് പോകുന്ന രീതി ഇടത് മുന്നണിക്ക് ഇല്ല. മാന്യനായ രാഷ്ട്രീയ നേതാവാണ് വിഡി സതീശൻ. മാന്യമായ പ്രതിപക്ഷ പ്രവര്‍ത്തനം ആണ് വിഡി സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വർഗ്ഗിയത ചെറുക്കാൻ വിഡി സതീശനോ കോണഗ്രസിനോ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

" അവതാരങ്ങളെ" കരുതും 

അഞ്ച് വര്‍ഷത്തെ അനുഭവം ഉണ്ട്. അതുകൊണ്ട് തന്നെ കരുതൽ വേണമെന്ന് പൊതു തീരുമാനം എടുത്തിട്ടുണ്ട്. പുറത്ത് നിന്നുള്ളവരുടെ സ്വാധീനം ഇല്ലാതാക്കാൻ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിമാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. മന്ത്രിമാരുടേയും ഓഫീസിന്റേയും പ്രവര്‍ത്തനം പാർട്ടി നിരന്തരം പരിശോധിക്കും. പാർട്ടി നയവും ഭരണഘടനയും അനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതാത് സമയത്ത് വേണ്ട നിര്‍ദ്ദേശങ്ങളും നയപരമായ നിലപാടുകളിലെ വീഴ്ചകളും തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും കോടിയേരി വിശദീകരിച്ചു 
 

click me!