
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് കെ മാണി തെരുവിലായിപ്പോകില്ലെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകൾ നടത്തിയിട്ടില്ല. ആവശ്യമായി വന്നാൽ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ജോസ് കെ മാണിയ്ക്ക് എതിരെ ജോസഫ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ്. കോടതി വിധി ലംഘിച്ച് ജോസ് കെ മാണി, സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചതിനെതിരെ ജോസഫ് വിഭാഗം തൊടുപുഴ കോടതിയിൽ ഹർജി നൽകി. ഇതിനിടെ ജോസ് വിഭാഗത്തെ തിരിച്ചെടുക്കുന്നത് മുന്നണിയിൽ ചർച്ച ചെയ്യാതെ തീരുമാനിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
അടുത്ത ഞായറാഴ്ച ജോസ് വിഭാഗം കോട്ടയത്ത് വിളിച്ച സ്റ്റിയറിംഗ് കമ്മിറ്റി കോടതി വിധികളെ ധിക്കരിച്ചാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആരോപണം. സ്റ്റിയറിംഗ് കമ്മിറ്റി പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേരുമെന്നാണ് ജനറൽ സെക്രട്ടറി അംഗങ്ങൾക്ക് അയച്ച സന്ദേശത്തിനുള്ളത്.
തൊടുപുഴ, ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി അനുസരിച്ച് ചെയർമാൻ പദവി ഉപയോഗിക്കാനോ അധികാരം കയ്യാളാനോ ജോസ് മാണിയ്ക്ക് അനുമതിയില്ല. ഈ വിധികൾ നിലവിലിരിക്കെ അനുയായികളെ കൊണ്ട് പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി പ്രചാരണം നടത്തുന്നതായും കാണിച്ചാണ് ജോസഫ് പക്ഷത്തെ സംസ്ഥാന കമ്മിറ്റി അംഗം തൊടുപുഴ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ജോസ് പക്ഷത്തിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam