'അപമാനിച്ചില്ലേ? ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണം': കോടിയേരി

By Web TeamFirst Published Sep 8, 2019, 11:40 AM IST
Highlights

യുഡിഎഫ് യോഗം ജോസഫിനെ അപമാനിക്കുകയാണ് ചെയ്തത്. ജോസഫ് എൽഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല. ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസഫ് മുന്നണി വിടുകയാണ് വേണ്ടതെന്ന് കോടിയേരി. 

തിരുവനന്തപുരം: ആത്മാഭിമാനം ഉണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് യോഗം ജോസഫിനെ അപമാനിക്കുകയാണ് ചെയ്തത്. കേരളാ കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളിൽ പലതിനും പിന്നിൽ കോൺഗ്രസിന്‍റെ കൈകളാണ്. അതിന് ജോസഫിനെ ഉപയോഗിക്കുകയാണ് കോൺഗ്രസെന്നും കോടിയേരി ആരോപിച്ചു. 

യുഡിഎഫ് സമ്മേളനത്തിൽ ജോസഫിനെ പരസ്യമായി അപമാനിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എന്ത് ചെയ്തു? ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഇനിയും ആ മുന്നണിയിൽ ജോസഫ് നിൽക്കണോ?

അതേസമയം, ജോസഫ് എൽഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ലെന്നാണ് കോടിയേരി പറയുന്നത്. കേരളാ കോൺഗ്രസിന്‍റെ അകത്തുള്ള തർക്കത്തിന് അനുസരിച്ചല്ല പാലായിലെ എൽഡിഎഫിന്‍റെ വിജയസാധ്യത. പാലായിൽ എൽഡിഎഫിന് മികച്ച വിജയസാധ്യതയുണ്ടെന്നും കോടിയേരി. 

ആദ്യം യുഡിഎഫിന്‍റെ പ്രചാരണവുമായി സഹകരിക്കില്ലെന്ന കടുംവെട്ട് നിലപാടെടുത്ത ജോസഫ് ഇപ്പോൾ തൽക്കാലം നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. യുഡിഎഫുമായി ചർച്ച നടത്താൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമാന്തര പ്രചാരണത്തിലേക്ക് പോകുമെന്ന തീരുമാനം ഇപ്പോൾ തൽക്കാലം നടപ്പാക്കുന്നില്ല. ചർച്ച നടക്കട്ടെ, അതിന്‍റെ ഫലമനുസരിച്ച് തുടർനടപടികളെടുക്കാമെന്നാണ് ജോസഫ് പറയുന്നത്. പക്ഷേ അതിനൊപ്പം ജോസഫ് ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. ഒന്നിച്ച് പ്രചാരണം നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല. അത് ഉണ്ടാകുമ്പോൾ നോക്കാം. 

click me!