മണിക്കൂറുകളുടെ ഇടവേളയിൽ അപകടങ്ങൾ, ഉത്തരവാദികളെ പിടിക്കാതെ പൊലീസ്

By Web TeamFirst Published Sep 8, 2019, 11:08 AM IST
Highlights

ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

തിരുവനന്തപുരം: തലസ്ഥാനത്ത് അമിതവേ​ഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ രണ്ട് ഡ്രൈവർമാരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി പേരൂർക്കടയിലും ശാസ്തമംഗലത്തുമായുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. 

മണിക്കൂറുകളുടെ ഇടവേളകളിലാണ് തലസ്ഥാനത്ത് ഇന്നലെ രണ്ട് അപകടങ്ങളുണ്ടായത്. പേരൂർക്കടയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാർഡ് അനിൽകുമാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാർ എസ്എപി ക്യാംപിന് സമീപത്തുവച്ച് അനിൽകുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാറശാല ആർടിഒയുടെ കീഴിലുള്ള കൃഷ്ണമൂർത്തിയുടേതാണ് ഈ വാഹനം. കാലിന് സാരമായി പരിക്കേറ്റ അനിൽകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരാതിയില്ലെന്ന് അനിൽകുമാ‍ർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ആർ രാജേഷ് എന്നയാളുടെ കാറാണ് ശാസ്തമംഗലത്ത് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന കാർ രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഒരാളുമായി ഡ്രൈവർ ആശുപത്രിയിൽ പോയെങ്കിലും കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. രാജേഷാണ് വാഹനമോടിച്ചത് എന്നാണ് പൊലീസ് നിഗമനം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് തലസ്ഥാനത്ത് സമാന അപകടങ്ങളുണ്ടായത്.

click me!