ജനസ്വാധീനം കുറഞ്ഞു,'ശബരിമലയില്‍' തിരുത്തുമായി സിപിഎം: വിശ്വാസികളെ ഒപ്പം നിര്‍ത്തണമെന്ന് സംഘടനാ രേഖ

By Web TeamFirst Published Aug 23, 2019, 5:11 PM IST
Highlights

'ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല'- കോടിയേരി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായും പ്രവര്‍ത്തനശൈലിയില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ സിപിഎമ്മില്‍ ധാരണ. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ നാല് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ നേതൃതലം വരെ സമഗ്രമായ ശൈലീമാറ്റത്തിനൊരുങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. 

പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സിപിഎമ്മിനേയും അതിന്‍റെ പ്രവര്‍ത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞു.  

ബഹുജനങ്ങളുമായി നന്നായി ഇടപെട്ട് ബഹുജന നേതാക്കൻമാരായി ഓരോ പ്രവർത്തകനെയും വളർത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കാണണം. അതിനാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം, സംഘടനാ വിദ്യാഭ്യാസം എന്നിവ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നൽകണം. ഇതിനാവശ്യമായ ഇടപെടൽ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. 

ഇത്ര കാലവും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയെയാണ്  സിപിഎമ്മും ഇടതുപക്ഷവും എതിര്‍ത്തു പോന്നിരുന്നത്. എന്നാലിപ്പോള്‍ കേന്ദ്രഭരണത്തിന്‍റെ ബലത്തില്‍ ആര്‍എസ്എസും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തില്‍ പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ വാക്കുകള്‍... 

നേരത്തെ കേരളത്തിൽ പാർട്ടി പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ട് കൊണ്ടായിരുന്നു. യുഡിഎഫ് എന്ന നിലയിൽ വിവിധ കക്ഷികൾ ചേർന്നുള്ള സംവിധാനമാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മുന്നണി എന്ന തലത്തില്‍ സജീവമായി നില്‍ക്കാറുള്ളത്. 

തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണയോടു കൂടി യുഡിഎഫ് അവരുടെ ആശയം പ്രചരണം ആരംഭിക്കുകയാണ് പതിവ്. എന്നാൽ ഇന്ന് യുഡിഎഫ് മാത്രമല്ല കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്ര ഭരണ ഉപയോഗിച്ച് ഫാസിസ്റ്റ് രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.
 
ആർഎസ്എസിന് ശക്തമായ സംഘടനാ സംവിധാനം കേരളത്തിലുണ്ട്. ആർഎസ്എസിന്റെ ഏറ്റവും കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആ സംഘടന കേന്ദ്ര ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളി നേരിടത്തക്ക വിധത്തിൽ പാർട്ടിയുടെ പ്രവർത്തനം കാലാനുസൃതമായ മാറ്റേണ്ടതുണ്ട്. 

ദേശീയ തലത്തിൽ തന്നെ ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടുന്ന കാര്യത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുകയാണ്. മറ്റ് രാഷ്ട്രീയ കക്ഷികളെ ഓരോരുത്തരെയായി ബിജെപി സർക്കാർ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. കോൺഗ്രസ് നേതാക്കൻമാരെ തന്നെ ബിജെപി ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നുണ്ട്. 

രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ വിവിധ കക്ഷികളുടെ നിരവധി നേതാക്കളെ രാജിവയ്പ്പിക്കാനോ ബിജെപിയിലേക്ക് ചാടിക്കാനോ കേന്ദ്രഭരണത്തിന്‍റെ ബലത്തില്‍ ആര്‍എസ്എസിന് സാധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് തന്നെ രാജി വച്ച് പോയി. ഇതുപോലെ ഇടതുപക്ഷത്തെയും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്.  

ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ എംപി ജർനാ ദാസിനെ സ്വാധീനിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രമങ്ങള്‍ നടത്തിയിരുന്നു. തന്നെ കാണാന്‍ വന്ന ജര്‍നാ ദാസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചത് ശക്തി കുറഞ്ഞ സിപിഎമ്മില്‍ തുടരുന്നത് എന്തിനാണെന്നും ബിജെപിയിലേക്ക് വന്നൂടെയെന്നുമാണ്. എന്നാല്‍ ഷായുടെ മോഹനവാഗ്ദാനങ്ങളില്‍ ജര്‍നാ ദാസ് വീഴാതിരുന്നത് അദ്ദേഹം സിപിഎം മൂല്യങ്ങളുള്ള മനുഷ്യനായത് കൊണ്ടു മാത്രമാണ്. 

സിപിഎം വിശ്വാസികൾക്ക് എതിരാണെന്ന നിലയില്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ പ്രചാരണം നടത്തുകയും ഒരു വിഭാഗത്തെ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരായി തിരിച്ചു വിടുകയും ചെയ്തു.  ശബരിമല വിഷയത്തിൽ തെറ്റായ പല പ്രചരണങ്ങളും നടന്നു. ഒരു വിഭാഗം വിശ്വാസികളെ സിപിഎമ്മിന് എതിരാക്കാൻ അവര്‍ക്ക് കഴിഞ്ഞു. വിശ്വാസികളുടെ വോട്ട് തിരികെ കൊണ്ടുവരാൻ സിപിഎം ശ്രമിക്കും. 

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാന്‍.  

വിശ്വാസികളുടെ വികാരത്തേയും വിശ്വാസത്തേയും മുറിപ്പെടുത്തുന്ന ഒരു രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടാന്‍ പാടില്ല. യുഡിഎഫ് മാത്രമല്ല ബിജെപിയും ഇന്ന് കേരളത്തില്‍ സിപിഎമ്മിന്‍റെ പ്രധാന എതിരാളിയാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും സംസ്ഥാനത്ത് ഒരേ പോലെ ശക്തിപ്പെടുകയാണ്. മതനിരപേക്ഷത ഉറപ്പിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരില്‍ നിന്നുണ്ടാവണം. 

പരിസ്ഥിതി സംരക്ഷണത്തില്‍ കുറേക്കൂടി ശക്തമായ ഇടപെടല്‍ ഇനി പാര്‍ട്ടി നടത്തും. പരിസ്ഥിതി റിപ്പോര്‍ട്ടുകളില്‍ നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താവും പാര്‍ട്ടി ഇനി നിലപാട് എടുക്കുക. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിട്ടനിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

തികഞ്ഞ വൈരാഗ്യ ബുദ്ധിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് പെരുമാറുന്നത്. എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാര്‍ട്ടിക്ക് മതിപ്പുണ്ട്. ആര്‍എസ്എസിന്‍റെ നിരന്തരമായ ആക്രമണത്തെ അതിജീവിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഇനി മുതൽ സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട്. 

ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവർത്തനങ്ങളിലും പാർട്ടി പങ്കാളിയാകില്ല. സിപിഎം അധികാര കേന്ദ്രമായി പ്രവർത്തിക്കില്ല. അക്രമ സംഭവങ്ങളിൽ നിന്ന് പൂർണ്ണമായി പാര്‍ട്ടി മാറി നിൽക്കും. അക്രമ സംഭവങ്ങളിൽ പ്രവര്‍ത്തകര്‍ പങ്കാളിയാവുന്നത് ഒഴിവാക്കാൻ ശക്തമായ ഇടപെടൽ നേതൃതലത്തിലുണ്ടാവും. 

click me!