Kodiyeri| സംസ്ഥാന സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്നതെപ്പോൾ? കോടിയേരിയുടെ പ്രതികരണം

By Web TeamFirst Published Nov 17, 2021, 4:45 PM IST
Highlights

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞത്

തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി (CPM Kerala Secretary) സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ (kodiyeri balakrishnan) എപ്പോൾ മടങ്ങിയെത്തും? മകൻ ബിനിഷ് കോടിയേരി(Binish Kodiyeri) ജയിലിൽ നിന്ന് പുറത്തിറങ്ങിയതുമുതൽ കേരള സമൂഹത്തിൽ ഉയർന്ന ചോദ്യമാണ്. എന്നാൽ ഇതിനോട് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. ഇതേ ചോദ്യം ഇന്ന് വീണ്ടുമുയർന്നപ്പോഴും ഒഴിഞ്ഞു മാറുന്ന മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോൾ ഏവരെയും അറിയിക്കുമെന്നായിരുന്നു മാധ്യമപ്രവ‍ർത്തകരോടുള്ള കോടിയേരിയുടെ മറുപടി.

എൽ ജെ ഡിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന കാര്യങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും കോടിയേരി പ്രതികരിച്ചു. അതിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലുള്ള പ്രശ്നങ്ങൾ പല പാർട്ടികൾക്കും ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അത്തരം പ്രശ്നങ്ങള്‍ അവർ തന്നെ പരിഹരിക്കുന്നതാണ് ഉചിതമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് അധികം വൈകില്ലെന്നാണ് സൂചനകൾ.  കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്താൽ മതിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ(Politburo) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നാണ് പി ബിയുടെ നിലപാട്.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്‍റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തി. ഇടതുമുന്നണി കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകിയാണ് സിപിഎം സാഹചര്യത്തെ നേരിട്ടത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതുമാണ് കോടിയേരിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് തന്നെ തീരുമാനമെടുത്തശേഷം അറിയിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയതോടെ കോടിയേരി വിഷയം പിബിയുടെ നിലാപാടും വ്യക്തമാണ്. സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി, സ്ഥാനത്ത് മടങ്ങിയെത്തുന്നതിൽ കേന്ദ്രനേതൃത്വത്തിന് എതിർപ്പൊന്നുമില്ലെന്ന് ഇതിലൂടെ വ്യക്തം. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി ചുമതയേറ്റെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

click me!