Latest Videos

ടൈറ്റാനിയം കേസ്: വേട്ടയാടൽ അല്ല, ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും കോടിയേരി

By Web TeamFirst Published Sep 3, 2019, 3:35 PM IST
Highlights

വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് കേസ് സിബിഐയെ ഏൽപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിട്ട നടപടി വേട്ടയാടൽ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ പരിമിതികൾ ഉള്ളതുകൊണ്ടാണ് കേസ് സിബിഐയെ ഏൽപ്പിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

അന്തർ സംസ്ഥാന, വിദേശ ബന്ധങ്ങൾ കേസുമായി ബന്ധപ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാൻ സിബിഐക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐക്ക് വിട്ടത്. അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നും കോടിയേരി പറഞ്ഞു.

വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന കേസ് നിലവില്‍ വിജിലന്‍സാണ് അന്വേഷിച്ചിരുന്നത്. 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. മെറ്റ്കോണ്‍ എന്ന കമ്പനിയുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഫിന്‍ലാന്‍റ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തില്‍ നിന്നും  260 കോടി രൂപക്ക് മാലിന്യ സംസ്കരണപ്ലാന്‍റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണപത്രം ഒപ്പിട്ടിരുന്നു.

86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തെങ്കിലും ഒരുഉപകരണം പോലും ഇതുവരെ സ്ഥാപിക്കാനായില്ല. ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ പ്രതികള്‍. 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിദേശ കമ്പനി ഉൾപ്പെടുന്ന കേസായതിനാൽ  സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ, തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

click me!