ബിനോയ്ക്കെതിരായ കേസ്: നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; നിലപാട് ആവർത്തിച്ച് കോടിയേരി

By Web TeamFirst Published Jul 3, 2019, 7:02 PM IST
Highlights

കേസ് ഉത്ഭവിച്ച സന്ദർഭത്തിൽ തന്നെ തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കിയതാണെന്നും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും കോടിയേരി പറഞ്ഞു. 

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസിൽ നേരത്തെ വ്യക്തമാക്കിയ നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് ഉത്ഭവിച്ച സന്ദർഭത്തിൽ തന്നെ തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കിയതാണെന്നും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും കോടിയേരി പറഞ്ഞു. കേസ് സംബന്ധിച്ച് ഇടപെടാൻ അന്നും ഇന്നും തയ്യാറായിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരി നിലപാട് ആവർത്തിച്ചത്. നേരത്തെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന മകന്‍ ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും കേസും നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. തന്നെ കണ്ട് സംസാരിച്ചുവെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴി കോടിയേരി തള്ളി. ഇക്കാര്യത്തില്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ഭാര്യ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുകയും താനുമായി സംസാരിക്കുകയും ചെയ്തുവെന്ന യുവതിയുടെ മൊഴി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുംബൈ കോടതി പരിഗണിക്കുന്ന കേസിലുള്ള മൊഴിയാണ് എന്നതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. 

click me!