ചികിത്സ തുടർച്ചയ്ക്കായി കോടിയേരി ബാലകൃഷ്ണൻ ഇന്ന് അമേരിക്കയിലെത്തും; സെക്രട്ടറി ചുമതല കൈമാറിയില്ല

By Web TeamFirst Published Apr 30, 2022, 12:30 AM IST
Highlights

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയിൽ പോകുന്ന

തിരുവനന്തപുരം: സി പി എം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan)  ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂ‍ർത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയിൽ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്‍ററാകും പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാൽ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയിൽ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി സെക്രട്ടറിയുടെ ചുമതലയിൽ തിരിച്ചെത്തിയത്. പിന്നാലെ നടന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

മയോ ക്ലിനിക്കിൽ ചികിത്സ തുടർച്ച; മുഖ്യമന്ത്രി അമേരിക്കയിൽ, ചുമതലയെല്ലാം 'ഓൺലൈൻ'

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഈ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക്  യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. കഴിഞ്ഞ ജനുവരി മാസത്തിൽ മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർച്ചയ്ക്കായാണ് പിണറായി വിജയൻ വീണ്ടും അമേരിക്കയിൽ പോയത്. ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി അന്ന് ചികിത്സ തേടിയത്. നേരത്തെ 2018 ലും പിണറായി ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ തുടർ ചികിത്സക്ക് വേണ്ടി പോയപ്പോളും ആർക്കും ചുമതല നൽകിയിരുന്നില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ്. ആ‍ർക്കും ചുമതല നൽകാതെ മുഖ്യമന്ത്രി തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

അതേസമയം, കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പരിഹരിച്ചിരുന്നു. പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സ‍ർക്കാർ പ്രശ്നം പരിഹരിച്ചത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പിശകുണ്ടായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ജനുവരി 11 മുതൽ 27 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാർച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നൽകിയ അപേക്ഷയിൽ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ തിയതിയിൽ പിശക് വന്നതോടെ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കുകയായിരുന്നു. ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച്  ഇറക്കിയ ഉത്തരവില്‍ പിഴവ് വന്നത് തീയതി രേഖപ്പെടുത്തിയതിലെന്നായിരുന്നു വിശദീകരണം. ജനുവരി 11 മുതൽ 27 വരെയെന്ന യാത്രയുടെ തിയതി 26 വരെയെന്നാണ് ആദ്യ ഉത്തരവിൽ രേഖപ്പെടുത്തിയത്. ഇത് തിരുത്തി പുതിയ ഉത്തരവ് തയ്യാറാക്കിയതായും പൊതുഭരണ വകുപ്പ് പറയുന്നു. 13 ന് ഇറക്കിയ ഉത്തരവ് പിഴവ് കാരണം 16 നാണ് റദ്ദാക്കിയത്.

click me!