സൗമ്യൻ, കരുത്തൻ, സർവ്വസമ്മത പ്രതിച്ഛായ, കനൽ വഴികൾ താണ്ടി മൂന്നാം തവണ കോടിയേരി

Published : Mar 04, 2022, 02:14 PM ISTUpdated : Mar 04, 2022, 02:55 PM IST
സൗമ്യൻ, കരുത്തൻ, സർവ്വസമ്മത പ്രതിച്ഛായ, കനൽ വഴികൾ താണ്ടി മൂന്നാം തവണ കോടിയേരി

Synopsis

വിഭാഗീയതയുടെ കനലുകളെ ഒരുമിച്ചണച്ച് പാർട്ടിക്ക് കരുത്തുപകർന്ന പിണറായി - കോടിയേരി ടീമിന് മുന്നിൽ ഇനിയുള്ളത് പുതിയ കാലത്തെ വെല്ലുവിളി.

കൊച്ചി: സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) തുടരും. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റേത് ഇത് മൂന്നാംമൂഴമാണ്. സർവ്വസമ്മതിയും പ്രവർത്തന മികവും  തന്നെയാണ് സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാം ഊഴത്തിന്‍റെ കാരണം. മക്കൾ ഉൾപ്പെട്ട വിവാദങ്ങളും മഹാരോഗവും മറികടന്ന് അടുത്തിടെ  തിരിച്ചെത്തിയ സെക്രട്ടറിയുടെ തുടർച്ച എറണാകുളം സമ്മേളനത്തിന് മുമ്പേ ഉറപ്പിക്കപ്പെട്ടിരുന്നു.

പ്രസന്നനായ കമ്മ്യൂണിസ്റ്റാണ് കോടിയേരി. ഗൗരവക്കാരനായ പിണറായിയിൽ നിന്നും പാർട്ടി അമരത്തേക്കുള്ള  സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. തൃശ്ശൂരില്‍ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോൾ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം  പാർട്ടിക്ക് മുന്നിൽ മറ്റൊരു പേരുണ്ടായിരുന്നില്ല. രണ്ടാമൂഴത്തിൽ  കോടിയേരിക്ക് മുന്നിൽ ഉണ്ടായത് അസാധാരണ പ്രശ്നങ്ങളാണ്. അർബുദത്തോടൊപ്പം മകന്‍റെ ജയിൽവാസവുമായപ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതിരിക്കാൻ കോടിയേരി മാറി നിന്നു . പദവി ഒഴിഞ്ഞപ്പോഴും  അണിയറയിൽ കരുനീക്കി ഭരണതുടർച്ചയിലും വഹിച്ചത് നിർണ്ണായക റോൾ.  

13 മാസങ്ങൾക്ക് ശേഷം സെക്രട്ടറി കസേരയിലേക്കു മടങ്ങുമ്പോൾ തന്നെ ഉറപ്പായിരുന്നു ഇനിയും പാർട്ടിക്കൊടി  കോടിയേരിയുടെ കയ്യിലായിരിക്കുമെന്ന്. തലശേരി ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ  നേതാവ് പിണറായിയാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടിൽ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും 49  ല്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും  കോടിയേരി പിണറായിയുടെ പിന്‍ഗാമിയായി. 

വിഭാഗീയതയുടെ കനലുകളെ ഒരുമിച്ചണച്ച് പാർട്ടിക്ക് കരുത്തുപകർന്ന പിണറായി - കോടിയേരി ടീമിന് മുന്നിൽ ഇനിയുള്ളത് പുതിയ കാലത്തെ വെല്ലുവിളി. മറൈൻ ഡ്രൈവിൽ മുന്നോട്ട് വെച്ച അടിമുടി നയംമാറ്റങ്ങളുമായി തുടരുന്ന ഭരണമെന്ന വലിയ ലക്ഷ്യം. പാർട്ടിതലപ്പത്തെ തുടർച്ചക്കിടയിലും പാർലമെന്‍ററി രംഗത്തേക്കെന്ന് മടക്കമെന്ന ആകാംക്ഷയും ഈ കോടിയേരിക്കാരനെ ചുറ്റിപ്പറ്റി എന്നും സജീവം.
 

വീണ്ടും കോടിയേരി

പാർലമെന്‍ററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്ഐ നേതാവായത് മുതൽ മുതൽ 2018-ൽ രണ്ടാമതും പാർട്ടി സെക്രട്ടറിയാകും വരെയും അതിൽ മാറ്റമുണ്ടായില്ല. 2019 ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തകർന്നില്ല.

മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി പക്ഷേ മകൻ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസിൽ തളർന്നു. രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാൻ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കോടിയേരി ഇതേപ്പറ്റി മനസ് തുറന്നു....

 ''ആരോഗ്യപ്രശ്നം തന്നെയാണ് പ്രധാനമായും സ്ഥാനമൊഴിയാൻ കാരണം. എന്നാലും മയക്കുമരുന്ന് കേസ് എന്നൊരു ആരോപണം വന്നപ്പോൾ മകൻ അതിൽ ഉൾപ്പെടുന്നത് ഒരു പ്രശ്നമല്ലേ എന്നെനിക്ക് തോന്നി. ഇങ്ങനെയൊക്കെ വരുമ്പോൾ ആളുകൾക്കിടയിൽ ഇതു ചർച്ചയാവില്ലേ എന്നത് കൂടി മനസ്സിൽ കണ്ടാണ് എനിക്ക് ലീവ് വേണമെന്ന് ഞാൻ പാർട്ടിയിൽ ആവശ്യപ്പെട്ടത്. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. ബിനീഷ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് ഞാൻ എടുത്തത്. എന്നാൽ ആ കേസിൽ അന്വേഷണം പൂർത്തിയായപ്പോൾ മയക്കുമരുന്ന് കേസ് കള്ളപ്പണം വെളുപ്പിക്കൽ കേസായി മാറി''

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ