പാറശാല പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു കടത്തി
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു കടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ ദേശീയപാതയ്ക്ക് സമീപത്തെ ഒരു വീട്ടിലായിരുന്നു പരശുവയ്ക്കല്‍ സ്വദേശി അനി ഓട്ടോ പതിവായി പാർക്ക് ചെയ്യുന്നത്. ഇന്നലെയും ഓട്ടം കഴിഞ്ഞ് വാഹനം ഇട്ടിട്ട് പോയി. രാവിലെയാണ് മോഷണ വിവരം അറിയുന്നത്. പിന്നാലെ സമീപത്തെല്ലാം പരിശോധിച്ചു.
സിസിടിവി പരിശോധിച്ചപ്പോൾ മൂന്നു യുവാക്കൾ ചേര്‍ന്ന് ഓട്ടോ മോഷ്ടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. സമീപത്തെ കടകളിലെല്ലാം പ്രതികളുടെ മുഖം പതിഞ്ഞിട്ടുണ്ടെന്നതിനാൽ ദൃശ്യങ്ങൾ സഹിതം പാറശാല പൊലീസിൽ പരാതി നൽകി. ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളായ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷയെന്നതിനാൽ അനിയുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.


