ശാന്തിവനത്തിൽ കെഎസ്ഇബി നിർമാണം തുടരുമെന്ന മണിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് കോടിയേരി

By Web TeamFirst Published May 5, 2019, 4:17 PM IST
Highlights

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. അലൈൻമെൻറ് മാറ്റിയെന്ന ആരോപണം തെറ്റാണെന്നും ജോലികൾ നിർത്തി വച്ചത് അനാവശ്യമായി പോയെന്നും എം എം മണി കൊച്ചിയിൽ പറഞ്ഞിരുന്നു

കൊച്ചി: ശാന്തിവനത്തിൽ കെ എസ് ഇ ബി നിർമാണം തുടരുമെന്ന എം എം മണിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംഭവം പ്രാദേശിക വിഷയമാണെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. അലൈൻമെൻറ് മാറ്റിയെന്ന ആരോപണം തെറ്റാണെന്നും ജോലികൾ നിർത്തി വച്ചത് അനാവശ്യമായി പോയെന്നും എം എം മണി കൊച്ചിയിൽ പറഞ്ഞിരുന്നു.

ജോലി നിർത്തിവച്ചത് അനാവശ്യമായിരുന്നു എന്ന് പറഞ്ഞ എം എം മണി നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും പദ്ധതിക്കായി കോടികൾ ചെലവഴിച്ചതാണെന്നും വ്യക്തമാക്കി. കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവർ നിർമ്മാണത്തിന് വേണ്ടി ശാന്തിവനത്തിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർ‍ന്നതിനെ തുടർന്ന് നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചിരുന്നു.

മന്നം മുതൽ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങൾ നേടിരുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാണ്  പറവൂർ ശാന്തിവനത്തിലൂടെ ടവർ നിമ്മിച്ച്  വൈദ്യുതി ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി പണി തുടങ്ങിയത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വനത്തിൽ നിന്നും അൻപതോളം മരങ്ങൾ മുറിച്ചതോടെയാണ് പദ്ധതി വിവാദമായത്. 

ടവർ നിർമ്മാണത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തി.  തുടർന്ന് കളക്ടർ ഇടപെട്ട് നിർമ്മാണം നിർത്തി വയ്പ്പിക്കുകയും ചെയ്തു.  എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് വൈദ്യുതി വകുപ്പിന്‍റെ തീരുമാനം.

ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിർമ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നിൽ സ്ഥാപിത താൽപര്യമാണെന്നും ആക്ഷേപം ഉയർന്നിരുന്നു.മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തിൽ നിർമ്മാണം നടത്തുന്നതെന്നാണ് ആരോപണം.

അതേ സമയം ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരാനാണ് ശാന്തി വനം സംരക്ഷണ സമിതിയുടെ തീരുമാനം.  കെഎസ്ഇബിക്കെതിരെ ശാന്തിവനം ഭൂ ഉടമ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

click me!