
കൊടുമണ്‍: കൊടുമണ്ണില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കഴുത്തിന് വെട്ടാന്‍ പ്രതികളായ കൂട്ടുകാര്‍ക്ക് പ്രചോദനമായത് സിനിമയിലെ രംഗങ്ങളെന്ന് പൊലീസ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ഇവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സ്വഭാവത്തെക്കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പരിശീലനവും വൈദഗ്ധ്യവുമില്ലാതെ ഇത്തരമൊരു കൊലപാതകം നടത്താന്‍ സാധിക്കില്ലെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് രണ്ടാമതും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ആദ്യത്തെ അപേക്ഷ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കുക. പ്രതികളെ വിട്ടുകിട്ടിയാല്‍ മാത്രമേ വിശദമായ ചോദ്യം ചെയ്യല്‍ സാധിക്കുകയെന്നാണ് പൊലീസ് നിലപാട്. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പൊലീസ് പറയുന്നു.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്ക് ആരുമായൊക്കെ ബന്ധമുണ്ട്, കൊലപാതകത്തിന് മുമ്പ് ആരുമായൊക്കെ ബന്ധപ്പെട്ടു, സോഷ്യല്‍മീഡിയ ബന്ധങ്ങള്‍ എന്നിവയൊക്കെയാണ് പരിശോധനക്ക്. ഫോണുകള്‍ വിശദ പരിശോധനക്ക് തിരുവനന്തപുരത്തേക്ക് അയച്ചേക്കും. വീഡിയോ ഗെയിമിനിടെ കളിയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കൊന്നതെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റ് ഇടപാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഏതൊക്കെ ഗെയിമുകളാണ് ഇവര്‍ പിന്തുടര്‍ന്നതെന്നും സോഷ്യല്‍മീഡിയ വഴി ഇവര്‍ക്ക് കൊലപാതകത്തിനുള്ള പരിശീലനം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
പ്രതികളെക്കൊണ്ട് മൃതദേഹം പുറത്തെടുവിപ്പിച്ചത് വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam