
മലപ്പുറം: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടർന്ന് പോലീസ്. ഇന്നലെ വീട്ടിൽ എത്തിയ അന്നൂസ് റോഷനിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ തേടി. മൈസൂരിൽ നിന്നും തിരിച്ചു വരുമ്പോൾ കാറിൽ രണ്ടുപേർ കൂടെ ഉണ്ടായിരുന്നെന്നും താൻ ഉറങ്ങുന്നതിനിടെ ഇവർ കാറിൽ നിന്നും ഇറങ്ങി പോയെന്നാണ് യുവാവിന്റെ മൊഴി. കർണാടക സ്വദേശിയായ ടാക്സി ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താനാണ് പോലീസ് അന്വേഷണം. സംഘത്തെ സഹായിച്ച 3 പേർ നിലവിൽ അറസ്റ്റിൽ ആയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. പ്രതികൾ അന്നൂസുമായി മൈസുരുവിലെ രഹസ്യ കേന്ദ്രത്തിൽ എത്തിയെന്ന് വിവരം കിട്ടിയതിന് പിന്നാലെ പൊലീസ് സംഘവും സ്ഥലത്ത് തെരച്ചിൽ തുടങ്ങി. ഇതിനിടെ പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ കൂടി പുറത്തിറങ്ങിയതോടെയാണ് അന്നൂസ് റോഷനെ വിട്ടയക്കാൻ ഇവർ തീരുമാനിച്ചത്.
ടാക്സി കാറിൽ അന്നൂസുമായി കേരളത്തിലേക്ക് തിരിച്ച സംഘം പിടിക്കപ്പെടുമെന്ന് ഭയന്ന് പാലക്കാട് ഇറങ്ങി. അന്നൂസിനെ കാറിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോങ്ങത്ത് വെച്ച് പൊലീസ് കാർ കണ്ടെത്തി. അന്നൂസിന്റെ സഹോദരൻ അജ്മലുമായി പ്രതികൾകുള്ള സാമ്പത്തിക ഇടപാടുകൾ തന്നെയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam