
കോഴിക്കോട് : ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽ പാലത്തിലാണ് 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളൽ രൂപപ്പെട്ടതെന്നാണ് വിവരം. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. റോഡ് വിണ്ടു കീറിയത് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടുകാർ അറിയിച്ചതോടെ, റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ, വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം റോഡ് കീറിയിട്ടുണ്ട്. അടച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് വീണ്ടും വിണ്ടുകീറിയ നിലയിലാണ്.
വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ മൂന്നംഗ സംഘം
കേരളത്തിലെ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ.കേരളത്തിലെ ദേശീയ പാതയിൽ പാലങ്ങളിലടക്കമുള്ള വിള്ളലും തകർച്ചയും മണ്ണിടിച്ചിലും കേന്ദ്ര സർക്കാരിനും ദേശീയപാത നിർമ്മാണ അതോറിറ്റിക്കും കൂടി തിരിച്ചടിയായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇടപെടുന്നത്. കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ അതീവ ഗൗരവമാണെന്ന് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി ദേശീയ ഹൈവേ അതോറിററിയെ അറിയിച്ചു. ദില്ലി ഐഐടിയിലെ നാഷണൽ റോഡ് റിസർച്ച് സെൻറിന് നേതൃത്വം നൽകുന്ന സിവിൽ എഞ്ചിനീയറിംഗ് വിദഗ്ധനായ പ്രൊഫസർ കെ രാമചന്ദ്രറാവു മൂന്നംഗ സമിതിയെ നയിക്കും.
എത്രയും പെട്ടെന്ന കേരളത്തിലെത്തി നിർമ്മാണത്തിൽ വീഴ്ച എങ്ങനെയുണ്ടായെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. കരാറുകാർ മാനദണ്ഡങ്ങൾ പാലിച്ചോ എന്നും എഞ്ചിനീയറിംഗിലും രൂപകല്പനയിലും വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കും. വീഴ്ചകൾ ആവർത്തിക്കാരിതിരിക്കാനും കേരളത്തിലെ കാലാവസ്ഥ കൂടി പരിഗണിച്ച് നിർമ്മാണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെന്നും സംഘം ശുപാർശ ചെയ്യും. ഇന്നലെ ഇടി മുഹമ്മദ് ബഷീർ നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് റിപ്പോർട്ട് നല്കിയിരുന്നു. കൂടുതൽ എംപിമാർ ഗഡ്കരിക്ക് പരാതി അയക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് ഗഡ്കരിക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നൽകി.