കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം കെ മുനീര്‍

Published : Jan 10, 2022, 03:43 PM IST
കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം കെ മുനീര്‍

Synopsis

ഒരുദിവസം തന്നെ മൂന്നിരട്ടി വരെ വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതായും എന്‍ 95 മാസ്ക് വാങ്ങിയതിലും ക്രമക്കേട് നടന്നെന്നും എംഎല്‍എ ആരോപിക്കുന്നു. ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാണെന്നും എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടര്‍ക്കുമെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കൊവിഡ് (Covid19)വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രഹികളും മരുന്നും വാങ്ങുന്നതില്‍ നടന്ന ക്രമക്കേടില്‍ (Purchase Irregularity) വിജിലന്‍സ് അന്വേഷണം (Vigilance Investigation) ആവശ്യപ്പെട്ട് കൊടുവള്ളി എംഎല്‍എ എം കെ മുനീര്‍ (M K Muneer) . കെഎംഎസ്സിഎല്‍ മുഖേന  പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് കൊടുവള്ളി എംഎല്‍എ ആവശ്യപ്പെടുന്നത്. ഒരുദിവസം തന്നെ മൂന്നിരട്ടി വരെ വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതായും എന്‍ 95 മാസ്ക് വാങ്ങിയതിലും ക്രമക്കേട് നടന്നെന്നും എംഎല്‍എ ആരോപിക്കുന്നു.

ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാണെന്നും എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സ് ഡയറക്ടര്‍ക്കുമെഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.  കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ നിലവിലുള്ള വിതരണക്കാര്‍ ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് ഒരു അറിയിപ്പും നല്‍കാത്ത സാഹചര്യത്തിലാണ് തട്ടിക്കൂട്ട് കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതെന്നും എംഎല്‍എ ആരോപിക്കുന്നു. ഇത് തികച്ചും ദുരൂഹമാണ്. മാത്രമല്ല ചില കമ്പനികളുടെ പേരുകള്‍ പണം അനുവദിച്ച കമ്പനികളുടെ പട്ടികയില്‍ കാണാനില്ലെന്നും എംഎല്‍എ ആരോപിക്കുന്നു.

ഫ്രിഡ്ജ്, എസി അടക്കമുള്ള വാങ്ങിയിരിക്കുന്നത് പൊതുവിപണിയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ്. ഇത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തി രണ്ട് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയതും എംഎല്‍എ കത്തില്‍ പരാമര്‍ശിക്കുന്നു. നികുതിപ്പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ 2020 ജനുവരി മുതല്‍ നടന്ന കൊവിഡ് കാല പര്‍ച്ചേസുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് എം കെ മുനീര്‍ ആവശ്യപ്പെടുന്നത്. 

കൊവിഡിന്റെ മറവിൽ തട്ടിക്കൂട്ട് കമ്പനിക്ക് നൽ‌കിയത് 9കോടി;കണക്കിൽപ്പെടുത്താതെ ഒളിച്ചുകളിയും

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റും മാസ്കും വാങ്ങിയ കമ്പനിയുടെ പേരും കൈമാറിയ 9 കോടി രൂപയും കണക്കിൽ മറച്ച് വെച്ച് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. മഹാരാഷ്ട്രാ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന സാൻഫാർമയുടെ വിവരങ്ങളാണ് മറച്ചുവെച്ചത്. 224 കമ്പനികൾക്കായി ആകെ 781 കോടി നൽകിയെന്നുള്ള വിവരാവകാശ മറുപടിയിലാണ് സാൻഫാർമയുടേയും അവർക്ക് നൽകിയ പണത്തിൻറെയും വിവരം ഇല്ലാത്തത്. 2020 മാര്‍ച്ച് 29 നാണ് സാന്‍ഫാര്‍മ എന്ന പുത്തന്‍ തട്ടിക്കൂട്ട് കമ്പനി പിപിഇ കിറ്റും മാസ്കും നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് കേരളാ മെ‍ഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മെയില്‍ അയക്കുന്നത്. മാര്‍ച്ച് 29 ന് നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ച അതേ ദിവസം. സാന്‍ഫാര്‍മക്കാര്‍ ചോദിച്ചത് നിപയെ പ്രതിരോധിച്ച കമ്പനിയുടെ കിറ്റിന് കൊടുത്തതില്‍ മൂന്ന് മടങ്ങ്. 1550 രൂപ. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ അന്നത്തെ ജനറല്‍ മാനജേര്‍ ഡോ ദിലീപ്കുമാറും ഉദ്യോഗസ്ഥരും ഒന്നും നോക്കിയില്ല. അ‍ഡ്വാന്‍സടക്കം കൊടുത്ത് പിപിഇ കിറ്റും മാസ്കും വാങ്ങാന്‍ തീരുമാനിച്ചു. ഒരു ദിവസം കൊണ്ട് പര്‍ചേസ് ഓര്‍ഡറും കൊടുത്തു.

'മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം'; വിശദീകരണവുമായി കെ കെ ശൈലജ

 കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ . മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജയുടെ വിശദീകരണം. മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും