കൊല്ലം നിയമസഭ തെരഞ്ഞെടുപ്പ് 2026; കോട്ട കാക്കാൻ ജനകീയനെ ഇറക്കി എൽ‌ഡിഎഫ്, മണ്ഡലം പിടിച്ചെടുക്കാൻ വീണ്ടും ബിന്ദുകൃഷ്ണ

Published : Apr 04, 2026, 10:48 PM IST
Kollam Assembly Election 2026 Candidates

Synopsis

കൊല്ലം നിയമസഭ മണ്ഡലം എപ്പോഴും കടുത്ത പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്, ഇവിടെ വിജയങ്ങൾ നേരിയ ഭൂരിപക്ഷത്തിലായിരിക്കും. എം മുകേഷിന്റെ കഴിഞ്ഞ തവണത്തെ നേരിയ വിജയവും, യുഡിഎഫിന്റെ കോർപ്പറേഷൻ ഭരണവും, ബിജെപിയുടെ വളർച്ചയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നു.

കൊല്ലം പലപ്പോഴും വലിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നിയമസഭ മണ്ഡലമാണ്. വലിയ വിജയങ്ങൾ കൊല്ലം ആർക്കും സമ്മാനിക്കാറില്ല. ഏത് മുന്നണി ജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കും. രാഷ്ട്രീയ ചായ്വിനപ്പുറം, കൃത്യമായി ഭരണത്തെ ഓഡിറ്റ് ചെയ്യുന്ന രീതി വോട്ടർ‌മാർ അവലംബിക്കാറുണ്ടെന്നതിൻ്റെ തെളിവാണിത്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്ക് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വാധീനമുണ്ട്. നഗരവൽക്കരണം കാരണം ജാതിപരമായ വേർതിരിവുകൾ ഇവിടെ നേരിയതാണെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ വോട്ടിംഗിനെ സ്വാധീനിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയിറക്കുന്ന സ്ഥാനാർഥികളെ കൊല്ലം വകവെക്കാറില്ല. ‌‌

ആരോപണങ്ങൾ

കേവലം പ്രസം​​ഗങ്ങളിൽ ഒതുങ്ങുന്നതല്ല കൊല്ലത്തെ രാഷ്ട്രീയം. നഗരത്തിലെ മാലിന്യ സംസ്കരണത്തിലും കുടിവെള്ള വിതരണത്തിലും റോഡുകളുടെ ഗുണനിലവാരത്തിലുമാണ് പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വിജയസാധ്യതകൾ പ്രവചനാതീതമാണ്. 2016-ൽ പികെ ഗുരുദാസന് പകരം എം മുകേഷിനെയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. എന്നാൽ ഇത് പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ അടുത്തകാലത്ത് അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും വന്നിട്ടുണ്ട്. ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുക്കപ്പെട്ടത് മണ്ഡലത്തിലെ ചർച്ചാവിഷയമാണ്. സിപിഎം അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നഗരത്തിലെ മധ്യവർഗ്ഗ വോട്ടർമാരിലും സ്ത്രീകളിലും ഈ വിവാദങ്ങൾ എത്തരത്തിൽ സ്വാധീനം ചെലുത്തുമെന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തെളിയിക്കും.

ഇഞ്ചോടിഞ്ച് പോരാട്ടം

2021ലെ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു യുഡിഎഫും എൽഡിഎഫും തമ്മിൽ നടന്നത്. മുകേഷ് 58,524 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ 56,452 വോട്ടുകൾ നേടിയിരുന്നു. വെറും 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് ജയിച്ചത്. 2021-ലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഈ ഭൂരിപക്ഷം കടക്കാൻ യുഡിഎഫിന് കടക്കാൻ സാധിക്കുമെങ്കിൽ ഇപ്പോഴത്തെ സാ​ഹചര്യത്തിൽ മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് കോൺ​ഗ്രസിൻ്റെ പ്രതീക്ഷ. ബിജെപി സ്ഥാനാർഥി എം സുനിൽ 14,252 വോട്ടുകൾ മണ്ഡലത്തിൽനിന്നും നേടിയിരുന്നു. ബിജെപിക്ക് മണ്ഡലത്തിൽ ഗണ്യമായ വോട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രധാന പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ തന്നെയാണ്.

യുഡിഎഫ് പ്രതീക്ഷ

കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും തൃക്കരുവ, പനയം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊല്ലം നിയമസഭാ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ കൊല്ലം കോർ‌പറേഷൻ പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ പ്രതീക്ഷയും ഇതു തന്നെയാണ്.

എൽഡിഎഫ് പ്രചരണായുധം

എം മുകേഷ് മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് എൽഡിഎഫ് പ്രചാരണവിഷയമാക്കുന്നത്. ആശ്രാമത്ത് ശ്രീനാരായണ സാംസ്കാരികസമുച്ചയം പൂർത്തീകരിച്ചതും ആശ്രാമം ലിങ്ക് റോഡിന് 74 കോടി രൂപ അനുവദിച്ചതുമൊക്കെ എൽഡിഎഫിന് പ്രചരണായുധമാണ്. തങ്കശ്ശേരി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതും കൊല്ലം പോർട്ട് നവീകരിച്ചതും എംഎൽഎ എന്ന നിലയിൽ മുകേഷ് നടത്തിയ പ്രവർത്തനങ്ങളാണ്.

സ്ഥാനാർഥികൾ

2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി എസ് ജയമോഹൻ, യുഡിഎഫിനായി ബിന്ദുകൃഷ്ണ, എൻഡിഎയ്ക്കായി ഡോ. എൻ പ്രതാപ്കുമാർ എന്നിവരാണ് മത്സരരംഗത്തിറങ്ങുന്നത്. കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് എൽഡിഎഫ് സ്ഥാനാർഥി എസ് ജയമോഹൻ. ജനകീയനാണ് ജയമോഹൻ. ഇത് വോട്ടായി മാറുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

കെപിസിസി രാഷ്ട്രീയകാര്യസമിതി അം​ഗമായ ബിന്ദുകൃഷ്ണ മണ്ഡലത്തിൽ സുപരിചിതയാണ്. മുൻ ഡിസിസി പ്രസിഡൻ്റ് കൂടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയത്തിനു തൊട്ടടുത്ത് എത്താനായതാണ് യുഡിഎഫിന് വീണ്ടും ബിന്ദുകൃഷ്ണയെ മത്സരത്തിനിറക്കുമ്പോഴുള്ള പ്രതീക്ഷ. 10 കൊല്ലമായി മണ്ഡലത്തിൽ ജനപ്രതിനിധിയുണ്ടായിരുന്നില്ലെന്നും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണന ജനങ്ങൾക്കിടയിലേക്ക് വോട്ട് തേടി ഇറങ്ങുന്നത്.

ജനകീയനായ ഡോക്ടറാണ് എൻ പ്രതാപ്കുമാർ. ഈ നിലയിൽതന്നെയാണ് ബിജെപി വോട്ട് ചോദിക്കുന്നതും. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറാട് കലാപ സമയത്ത് യു.ഡി.എഫും ആര്‍എസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കി; ആരോപണവുമായി പി ജയരാജൻ
ഇടതുപക്ഷത്തിന് തോൽവി എന്തെന്ന് അറിയാത്ത മണ്ഡലം! ചെങ്കൊടി താഴെയിറക്കാൻ കച്ചകെട്ടി യുഡിഎഫ്; തരൂരിൽ ആവേശപ്പോരാട്ടം