
കൊല്ലം: കരുനാഗപ്പള്ളിയിലെ ലഹരികടത്തു കേസിൽ പൊലീസിന്റെ മെല്ലെപ്പോക്ക്. വാഹനം വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനെ നാലാം ദിവസവും പിടികൂടാനായില്ല. എന്നാൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി രണ്ടു ദിവസത്തിനു ശേഷവും താൻ എറണാകുളത്ത് ഉണ്ടെന്ന് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
വൻ പാൻമസാല ശേഖരം പിടികൂടി രണ്ട് ദിവസം കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചപ്പോൾ ജയൻ നൽകിയ മറുപടി താൻ എറണാകുളത്ത് ഉണ്ടെന്നാണ്. എവിടെയാണ് താൻ ഉള്ളതെന്ന കൃത്യമായ വിവരം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അദ്ദേഹം താൻ വൈകീട്ട് നാട്ടിലെത്തുമെന്നും പറഞ്ഞു. എന്നാൽ പൊലീസ് ഇപ്പോൾ പറയുന്നത് പുകയില ഉത്പന്നങ്ങൾ പിടിച്ചതിന് പിന്നാലെ തന്നെ ജയൻ ഒളിവിൽ പോയെന്നാണ്.
ആദ്യഘട്ടം മുതൽ ലോറി ജയന് വാടകയ്ക്ക് നൽകിയെന്നാണ് ആലപ്പുഴയിലെ സിപിഎം നേതാവായ ഷാനവാസ് പറഞ്ഞിരുന്നത്. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകി. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനവും അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് തന്നെ. ലോറി ഉടമകളായ ഷാനവാസിനോടും അൻസറിനോടും രേഖകളുമായി കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് എത്താൻ പല തവണ ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരും എത്തിയില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ചെന്നാണ് ഇവരെ ചോദ്യം ചെയ്തത്. അൻസറും വാഹനം വാടകക്ക് നൽകിയിരിക്കുകയാണ് എന്ന മൊഴിയാണ് പൊലീസിന് നൽകിയത്. പക്ഷേ രേഖകളൊന്നുമില്ല. സുഹൃത്തിന് ആറു മാസം മുന്പ് കൈമാറിയെന്നു മാത്രമാണ് വിശദീകരണം. സിപിഎം നേതാവായ ഷാനവാസ് പോലീസിൽ സമർപ്പിച്ച വാടകക്കരാർ തയ്യാറാക്കിയ അഭിഭാഷക, മുദ്രപത്രം നൽകിയ വ്യക്തി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രേഖ വ്യാജമാണോ എന്ന് പരിശോധിച്ച് വരികയാണെന്നു പൊലീസ് അറിയിച്ചു. ഷാനവാസിന് കേസിൽ നിന്നും ഊരിപ്പോരാൻ പൊലീസ് സഹായം നൽകുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam