'യഥാര്‍ത്ഥ ഹീറോകള്‍ നാല് പേര്‍'; ഓയൂര്‍ കേസ് അന്വേഷണത്തിന് പിന്തുണ നല്‍കിയവര്‍ക്ക് പൊലീസിന്റെ നന്ദി

Published : Dec 02, 2023, 02:23 PM IST
'യഥാര്‍ത്ഥ ഹീറോകള്‍ നാല് പേര്‍'; ഓയൂര്‍ കേസ് അന്വേഷണത്തിന് പിന്തുണ നല്‍കിയവര്‍ക്ക് പൊലീസിന്റെ നന്ദി

Synopsis

മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും എഡിജിപി.

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചതില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആറുവയസുകാരിയും സഹോദരനും ക്യത്യമായ രേഖാ ചിത്രം വരച്ചവരുമാണ് യഥാര്‍ത്ഥ ഹീറോകളെന്നും എഡിജിപി പറഞ്ഞു. നാല് ദിവസം ഉറക്കമില്ലാതെയാണ് പൊലീസ് കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും എഡിജിപി പറഞ്ഞു. 

എഡിജിപി പറഞ്ഞത്: ''ഈ കേസില്‍ ആറുവയസുകാരിയുടെ സഹോദരനാണ് യഥാര്‍ത്ഥ താരം. രണ്ടാമത്തെ താരം കുട്ടി തന്നെയാണ്. കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. കുട്ടിയില്‍ നിന്ന് പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. അടുത്ത ഹീറോകള്‍ രേഖാചിത്രം വരച്ച രണ്ടു പേരാണ്. കൃത്യമായ ചിത്രമാണ് അവര്‍ വരച്ചത്. വളരെ കൃത്യതയോടെ കുട്ടി വിവരങ്ങള്‍ അവര്‍ക്ക് വിവരിച്ച് നല്‍കി. രേഖാചിത്രം വ്യക്തമായ വരച്ചതോടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ അന്വേഷണം ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടന്നത്. കേസ് അന്വേഷണത്തില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണ്. അവര്‍ നല്‍കിയ ഓരോ വിവരങ്ങളും നിര്‍ണായകമായി. എത്രയൊക്കെ വിമര്‍ശിച്ചാലും, രാജ്യത്തെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തില്‍. കീഴ് ഉദ്യോഗസ്ഥര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കഴിവുള്ളവരാണ്. എല്ലാവരുടെയും കഴിവും ഉപയോഗിച്ചാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്.''


സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണ് തട്ടിക്കൊണ്ട് പോകലെന്നും എഡിജിപി അറിയിച്ചു. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. ഒടുവിലാണ് ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയതെന്നും എഡിജിപി പറഞ്ഞു. 

കേസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് കേരളാ പൊലീസ് അറിയിച്ചു. 'കേരള ജനതയെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങള്‍ക്ക് വിരാമം. തെളിവുകള്‍ പരമാവധി ഒഴിവാക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ അതിജീവിച്ച് കേരള പൊലീസ് ഊണും ഉറക്കവും ഉപേക്ഷിച്ച് നടത്തിയ അന്വേഷണമാണ് ഒടുവില്‍ വിജയത്തിലെത്തിയത്. ഞങ്ങളോടൊപ്പം സഹകരിച്ച, പിന്തുണ അറിയിച്ച നിങ്ങളോരോരുത്തര്‍ക്കും നന്ദി.'-പൊലീസ് പറഞ്ഞു.

'അനുപമക്ക് യൂട്യൂബിൽ നിന്ന് 5 ലക്ഷത്തോളം വരുമാനം; കുറ്റകൃത്യത്തിൽ പങ്കാളിയായത് ഇത് നിലച്ചതോടെ'  
 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി