കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമാക്കി ലത്തീന്‍ സഭ. ലത്തീന്‍ സമുദായ അംഗത്തെ മേയറാക്കണമെന്ന് വരാപ്പുഴ ബിഷപ്പിന്‍റെ സാന്നിധ്യത്തിന്‍റെ സഭയുടെ അല്‍മായ സംഘടനാ നേതാവ് പരസ്യമായി ആവശ്യമുന്നയിച്ചു.

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമാക്കി ലത്തീന്‍ സഭ. ലത്തീന്‍ സമുദായ അംഗത്തെ മേയറാക്കണമെന്ന് വരാപ്പുഴ ബിഷപ്പിന്‍റെ സാന്നിധ്യത്തിന്‍റെ സഭയുടെ അല്‍മായ സംഘടനാ നേതാവ് പരസ്യമായി ആവശ്യമുന്നയിച്ചു. ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം പടയൊരുക്കം ശക്തമാകുന്നതിനിടെയാണ് ലത്തീന്‍ സഭയും സമ്മര്‍ദവുമായി ഇറങ്ങിയത്. അതേസമയം, ദീപ്തിയെ മേയറാക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് പ്രചാരണവും ശക്തമാണ്. 

കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസ് മേയറാകാനുളള സാധ്യതകള്‍ ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദവുമായി ലത്തീന്‍ സഭ രംഗപ്രവേശം ചെയ്യുന്നത്. കോര്‍പ്പറേഷനില്‍ ലത്തീന്‍ സമുദായംഗങ്ങളായ 18 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ടെന്നതാണ് മേയര്‍ സ്ഥാനത്തേക്കുളള അവകാശവാദത്തിന് സഭ നേതൃത്വത്തിന്‍റെ ന്യായീകരണം. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ ഒപ്പമിരുത്തിയാണ് റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്‍റ് ഇക്കാര്യം ഉന്നയിച്ചത്. വാരാപ്പുഴ, കൊച്ചി, ആലപ്പുഴ തുടങ്ങിയ പ്രബലമായ അതിരൂപതകളുടെ സ്വാധീനം വളരെയധികമുള്ള കോര്‍പ്പറേഷനാണ് കൊച്ചിയെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്‍റ് ജോസഫ് ജൂഡ് പറഞ്ഞു. 

കൊച്ചി കോര്‍പ്പറേഷനിൽ ലാറ്റിൻ കാത്തലിക് വിഭാഗത്തിലുള്ളവര്‍ കൂടുതലായിട്ടുണ്ടെന്നും മേയര്‍ സ്ഥാനത്തേക്കും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും ഉചിതമായ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണമെന്നും ജോസഫ് ജൂഡ് പറഞ്ഞു. ലാറ്റിൻ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയെ മേയറാക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ജോസഫ് ജൂഡ് പറഞ്ഞു.

ഇതിനിടെ ദീപ്തിയെ മേയറാക്കണമെന്ന ആവശ്യവുമായി നവമാധ്യമങ്ങളിലെ കോണ്‍ഗ്രസ് അനുകൂല ഹാന്‍ഡിലുകളും രംഗത്തു വന്നു. മേയര്‍ സ്ഥാനത്തെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാകുന്നതില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദീപ്തിക്കെതിരെ ചരടുവലിക്കുന്നത് കെപിസിസി ഭാരവാഹികളില്‍ ചിലരാണെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യത്തെ എന്തിന് ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് മറുപക്ഷത്തിന്‍റെ ചോദ്യം. ഫലത്തില്‍ , മൂന്നില്‍ രണ്ടു ഭൂരിപക്ഷം നല്‍കിയ ജനവിധിയുടെ തിളക്കം കുറയ്ക്കുന്ന തരത്തിലേക്ക് കൊച്ചി കോണ്‍ഗ്രസിലെ മേയര്‍ ചര്‍ച്ചകള്‍ വളരുകയാണ്. മേയറെ തീരുമാനിക്കുമ്പോള്‍ ലത്തീൻ രൂപതയുടെ സമ്മര്‍ദവും കോണ്‍ഗ്രസിന് തലവേദനയാകും.

YouTube video player