
കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. അതേസമയം, ആറ്റില്‍ നിന്ന് കണ്ടെത്തിയ ഷാള്‍ ദേവനന്ദയുടെതാണെന്ന് കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞു. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്.
മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കുട്ടി കഴുത്തില്‍ ഇട്ടിരുന്നതെന്ന് കരുതുന്ന ഷോളും ആറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ശേഷം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഷോള്‍ കണ്ടുകിട്ടിയത്. മൃതദേഹം കിടന്നിരുന്ന അതേ സ്ഥലത്തുനിന്നാണ് ഷോള്‍ കിട്ടിയത്.
Also Read: പൊന്നുവിനായി പറന്നെത്തി അച്ഛന്‍: പക്ഷേ കാത്തിരുന്നത് കരള്‍ പിളര്‍ക്കും കാഴ്‍ച
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam