സിപിഎം പ്രവർത്തകൻ മണിലാലിന്‍റെ കൊലപാതകം; അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ

By Web TeamFirst Published Dec 7, 2020, 6:52 AM IST
Highlights

സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

കൊല്ലം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്ലം മണ്‍റോതുരുത്തിലെ മധ്യവയസ്കന്‍റെ കൊലപാതകം രാഷ്ട്രീയ വിഷയമാകുന്നു. മണ്‍റോ തുരുത്ത് സ്വദേശി മണിലാലിനെ കൊന്നത് ആര്‍എസ്എസ് ഗൂഢാലോചനയ്ക്കൊടുവിലാണെന്ന ആരോപണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. എന്നാല്‍ സംഭവവുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും ബിജെപി ജില്ലാ നേതൃത്വം വിശദീകരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

മൺറോതുരുത്ത് സ്വദേശിയും സിപിഎം പ്രവർത്തകനുമായ മണിലാലിന് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുത്തേറ്റത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനിടെ മണിലാലിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാൽ മാസങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി പാർട്ടി അംഗത്വം നൽകിയ ആളാണ് അശോകനെന്നും മണിലാലിനെ ബിജെപി ആർഎസ്എസ് പ്രവർത്തക‍ർ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പൊലീസ് വിശദീകരണം. സംഭവം രാഷ്ട്രീയ പ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും കേസ് അന്വേഷിക്കുന്ന ഈസ്റ്റ് കല്ലട പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. മണിലാലിനെ കുത്തിയ അശോകനും സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

click me!