വെള്ളാറിൽ കഴക്കൂട്ടം - കാരോട് ബൈപാസിനു സമീപം രൂപപ്പെട്ട മാലിന്യ കൂമ്പാരം ചൂണ്ടിക്കാട്ടി കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

തിരുവനന്തപുരം: വെള്ളാറിൽ കഴക്കൂട്ടം - കാരോട് ബൈപാസിനു സമീപം രൂപപ്പെട്ട മാലിന്യ കൂമ്പാരം ചൂണ്ടിക്കാട്ടി കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. റോഡിന് വശത്ത് മാത്രം ഉണ്ടായിരുന്ന മാലിന്യങ്ങൾ വലിയ കൂനയായി മാറി സർവീസ് റോഡിലേക്കും വീണതോടെ കഴിഞ്ഞയാഴ്ച നാട്ടുകാർ പ്രതിഷേധവുമായെത്തിയിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം ഉപയോഗിച്ച് കോർപ്പറേഷനെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നത്. മാറാത്തത് ഇനി മാറും എന്ന പ്രചരണവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി അധികാരത്തിലെത്തിയപ്പോൾ തലസ്ഥാനത്ത് നാറാത്തത് നാറും എന്നാണ് പ്രധാന പ്രചരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ ഇടപെടൽ നടത്തിയെന്നും സ്ഥലത്ത് നിന്നും മാലിന്യം നീക്കിയെന്നും വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി. സത്യവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയുടെ മാലിന്യങ്ങൾ എത്തിച്ച് വാഹനത്തിൽ കൊണ്ടുപോകുന്ന സ്ഥലമാണിത്. പൊങ്കാലയുമായി ബന്ധപ്പെട്ട് അവരുടെ ജീവനക്കാർ അവധിയിലായതാണ് മാലിന്യം നീക്കാൻ വൈകിയത്. വിഷയത്തിൽ വേണ്ട നടപടി സ്വീകരിച്ചെന്നും പഴയ ദൃശ്യങ്ങളാണ് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും കൗൺസിലർ പറഞ്ഞു.