അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പൊലീസ്

Published : Nov 28, 2023, 07:01 AM ISTUpdated : Nov 28, 2023, 08:31 AM IST
അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പൊലീസ്

Synopsis

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്.

കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിലും പൊലീസ് അരിച്ചുപെറുക്കി, നാട്ടുകാരും ഒപ്പം ചേർന്നു. രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയിൽ നിന്ന് കിട്ടിയ വാഹന നമ്പർ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തുന്നത്. രണ്ട് തവണയാണ് ഫോൺ കോൾ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പൊലീസ് അന്വേഷണത്തിൽ ഫോൺ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണിൽ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങൾ വാങ്ങിയെന്നും അവർ ഫോൺ വിളിക്കാനുപയോഗിച്ചെന്നും കടയുടമ പൊലീസിന് മൊഴി നൽകി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പുലർച്ചെ മൂന്നരയോടെ പൊലീസ് പുറത്തുവിട്ടു. ഈ രേഖാചിത്രത്തിലെ മുഖത്തെയാണ് ഇപ്പോൾ കേരളം തേടുന്നത്. ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്ന കേരളം അബിഗേൽ സാറ എന്ന പൊന്നോമനയുടെ തിരിച്ചുവരവിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

കണ്‍ട്രോള്‍ റൂം നമ്പര്‍: 112
വിവരങ്ങള്‍ അറിയിക്കാന്‍: 9946923282

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം