ഒരിക്കൽ പ്രതിയായാൽ തുടർച്ചയായ പൊലീസ് പീഡനം! സിസിടിവി തെളിവുകളും പരാതിയുമായി യുവാവ്

By Web TeamFirst Published Nov 29, 2020, 8:37 AM IST
Highlights

സ്വകാര്യവാഹനമെന്ന് തോന്നിക്കുന്ന ഒരു വാഹനത്തില്‍ സിവില്‍ വേഷത്തില്‍ ആളുകള്‍ വന്നിറങ്ങുന്നു. വന്നിറങ്ങുന്നവര്‍ വാടക വീടിന്‍റെ ചുറ്റും നടക്കുന്നു. വാതിലുകള്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ വാഹനത്തില്‍ നിന്ന് രതീഷിനെ ഇറക്കുന്നു. ഒരു പ്രകോപനവും ഇല്ലാതിരുന്നിട്ടും അയാളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊല്ലം: ഒരിക്കല്‍ കേസില്‍ പ്രതിയായവരെ വീണ്ടും വീണ്ടും കളളക്കേസില്‍ കുടുക്കുക! കാലങ്ങളായി പൊലീസിനെതിരെ ഉയരുന്ന ആരോപണമാണത്. ഈ ആരോപണത്തെ ശരി വയ്ക്കും വിധമുളള തെളിവുകളാണ് കൊല്ലം അമ്പലംകുന്ന് സ്വദേശിയായ രതീഷ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതം. 

കൊല്ലം പൂയപ്പളളി പൊലീസ് സ്റ്റേഷനിലെ ക്രൈംനമ്പര്‍ 2041/2020 ലെ പ്രതിയാണ് മുപ്പത്തിയാറുകാരനായ രതീഷ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റെന്നാണ് രതീഷിനെതിരായ കേസ്. 30 ഗ്രാം കഞ്ചാവും രതീഷില്‍ നിന്ന് കണ്ടെടുത്തെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് രതീഷിനെ കസ്റ്റഡിയിലെടുത്തത് നവംബര്‍ മാസം 11ാം തീയതി വൈകുന്നേരം 3.55നാണ്. രതീഷിന്‍റെ വാടക വീട്ടില്‍ നിന്ന് കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തുളള റോഡില്‍ വച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

എന്നാൽ നവംബര്‍ 11ന് ഉച്ച കഴിഞ്ഞ് 1.57ന് രതീഷിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ വ്യക്തമാകുന്നത് മറ്റൊന്നാണ്. സ്വകാര്യവാഹനമെന്ന് തോന്നിക്കുന്ന ഒരു വാഹനത്തില്‍ സിവില്‍ വേഷത്തില്‍ ആളുകള്‍ വന്നിറങ്ങുന്നു. വന്നിറങ്ങുന്നവര്‍ വാടക വീടിന്‍റെ ചുറ്റും നടക്കുന്നു. വാതിലുകള്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ വാഹനത്തില്‍ നിന്ന് രതീഷിനെ ഇറക്കുന്നു. ഒരു പ്രകോപനവും ഇല്ലാതിരുന്നിട്ടും അയാളെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നു വച്ചാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമായി അതിനും മണിക്കൂറുകള്‍ക്കു മുമ്പേ രതീഷ് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നുവെന്ന് ചുരുക്കം.

പക്ഷേ വീട്ടില്‍ വന്നതിനെ കുറിച്ചോ വീട്ടില്‍ വച്ച് രതീഷിനെ മര്‍ദിക്കാനിടയായ സാഹചര്യത്തെ കുറിച്ചോ ഒന്നും ഒരക്ഷരം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നേയില്ല. ഇവിടെയാണ് തന്നെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന രതീഷിന്‍റെ വാദം പ്രസക്തമാകുന്നത്.

അഞ്ചു വര്‍ഷം മുമ്പ് രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു. ആ കേസിന്‍റെ വാദം കോടതിയില്‍ തുടരുകയുമാണ്. പക്ഷേ ആ സംഭവത്തിനു ശേഷം ഒരു കുറ്റകൃത്യത്തിലും ഭാഗമാകാതെ ജീവിക്കുന്ന തന്നെ നിരന്തരം പൊലീസ് വേട്ടയാടുകയാണെന്നാണ് രതീഷ് പറയുന്നത്. ശല്യം സഹിക്ക വയ്യാതെയാണ് വീട്ടില്‍ സിസിടിവി ഘടിപ്പിച്ചതും ഈ ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞതെന്നും രതീഷ് പറയുന്നു. 

വീഡിയോ കാണാം 

ഏഷ്യാനെറ്റ് ന്യൂസ് സംഘം രതീഷുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അന്ന് രതീഷിനെ പിടികൂടിയ അതേ പൊലീസുദ്യോഗസ്ഥര്‍ അതേ വാഹനത്തില്‍ വീട്ടിലെത്തി. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതിന്‍റെ പകപ്പിലാകാം വീട്ടില്‍ പരിശോധനയ്ക്ക് വന്നതാണെന്നും ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും പറഞ്ഞ് മടങ്ങുകയും ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ ലഹരിവിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥരാണെന്നും കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റ കേസിലെ പ്രതിയ്ക്കു വേണ്ടി വാര്‍ത്ത കൊടുക്കരുതെന്നും പറഞ്ഞു. രതീഷ് ചൂണ്ടിക്കാട്ടിയ രേഖകളെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ സംഘം വേഗം മടങ്ങുകയും ചെയ്തു.

 

 

click me!