വെള്ളാപ്പള്ളിക്കെതിരെ എസ്എൻ കോളേജ് അഴിമതിയിൽ 16 വർഷത്തിന് ശേഷം കുറ്റപത്രം

By Web TeamFirst Published Jul 24, 2020, 2:37 PM IST
Highlights

അന്വേഷണം വൈകുന്നു എന്ന് കാണിച്ച് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടപെട്ട ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് അന്വേഷണം വേഗത്തിലായത്. എസ്എൻഡിപി യോഗത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു ജന. സെക്രട്ടറിക്ക് എതിരെ കോടതിയിൽ കുറ്റപത്രം വരുന്നത്. 

കൊല്ലം: കൊല്ലം എസ്‍എന്‍ കോളജ്  ജൂബിലി അഴിമതിക്കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച തുകയില്‍ നിന്നും 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി വക മാറ്റി നിക്ഷേപിച്ചു എന്നാണ് പരാതി.  പതിനാറ് വര്‍ഷത്തിന് ശേഷമാണ് ക്രൈബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത് . കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കൊല്ലം എസ്എൻ കോളേജ് ജൂബിലി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് 2004-ലാണ് എസ്എൻഡിപി പ്രവര്‍ത്തകനായ സുരേന്ദ്രബാബു കൊല്ലം സിജെഎം കോടതിയില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്വേഷണ ഏജന്‍സി കുറ്റ പത്രം സമര്‍പ്പിച്ചത്. 

124 പേജുള്ള കുറ്റപത്രത്തില്‍ വെള്ളാപ്പള്ളി നടേശന്‍ വിശ്വാസവഞ്ചന നടത്തിയതായി പറയുന്നു. ഐപിസി 420, 403, 406, 409 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 55 ലക്ഷം രൂപ വക മാറ്റി സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചതിന് രേഖകള്‍ ലഭിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എസ്എൻഡിപി യോഗത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ജനറല്‍ സെക്രട്ടറിക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

അന്വേഷണം വൈകുന്നു എന്ന് കാണിച്ച് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടപെട്ട ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് അന്വേഷണം വേഗത്തിലായത്. ജൂലൈ 22-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു. അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയതിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

click me!