കൊവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സ തേടി; കൊല്ലത്തെ വിക്ടോറിയ ആശുപത്രി അടച്ചു

By Web TeamFirst Published May 24, 2020, 1:34 PM IST
Highlights

യുവതിയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ തുടർ പരിശോധനയിൽ ഇവർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. 

കൊല്ലം: കൊല്ലത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചു. കൊല്ലം ജില്ലാ ആശുപത്രിയോട് ചേർന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ഇവിടെ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. അണുവിമുക്തമാക്കിയശേഷമേ ഇനി ആശുപത്രി തുറക്കൂ.

ഹോട്ട് സ്പോട്ടായ കല്ലുവാതുക്കലില്‍ നിന്നെത്തിയതിനാല്‍ യുവതിക്ക് ആദ്യം പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പ്രസവ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രി അടച്ചത്. കുട്ടിയ്ക്ക് രോഗമില്ല. യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതിയുടെ ഭര്‍ത്താവ് മലപ്പുറത്ത് കാറ്ററിങ് ജോലികള്‍ ചെയ്യുകയാണ്  എവിടെ നിന്നാണ് യുവതിക്ക് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.

click me!