
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷിക്കും. മന്ത്രി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ച് ദിവസം അനുവദിച്ചു. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്.
മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയത് എന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നു എന്ന് ഓഫീസിലുള്ള ഉദ്യോഗസ്ഥർ വിവരം നൽകി. പല ആവശ്യങ്ങൾക്കായെത്തിയ നിരവധി സാധാരണ ജനങ്ങളാണ് ഇന്ന് ഓഫീസിന് മുന്നിൽ കാഴ്ചക്കാരായി നിന്നു. ഇന്ന് ഓഫീസിൽ ഹാജരാകാതിരുന്ന 20 പേർ അവധി അപേക്ഷ പോലും നൽകിയിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായി.
ഗുരുതര കൃത്യവിലോപമാണ് നടന്നതെന്ന് റവന്യൂ മന്ത്രി പിന്നീട് പ്രതികരിച്ചു. വിവരമറിഞ്ഞതിന് പിന്നാലെ ലാന്റ് റവന്യു കമ്മീഷ്ണറുമായി ബന്ധപ്പെട്ടു. എഡിഎം ഇന്ന് പ്രാഥമിക റിപോർട്ട് നൽകും. ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല നൽകി. 5 ദിവസം റിപ്പോർട്ട് നൽകാൻ സമയം അനുവദിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം കർശന നടപടിയെടുക്കും. കൂട്ട അവധി പ്രോത്സാഹിപ്പിക്കാനാവില്ല. റവന്യൂ സെക്രട്ടേറിയേറ്റിൽ ചർച്ച ചെയ്യും. ജനത്തിനുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.
എംഎൽഎ പരാതിപ്പെട്ടതോടെ വിഷയം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. എംഎൽഎ ഓഫീസിലെത്തിയപ്പോൾ തഹസിൽദാരും അവധിയിലാണ് എന്നറിഞ്ഞതോടെ ഡെപ്യൂട്ടി തഹസിൽദാരുമായിട്ടാണ് എംഎൽഎ സംസാരിച്ചത്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം തഹസിൽദാരുടെ അധ്യക്ഷതയിൽ എംഎൽഎയുടെ യോഗം ഇന്ന് നിശ്ചയിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് തഹസിൽദാർ പറഞ്ഞതോടെ എംഎൽഎ പരിപാടി മാറ്റിവെക്കുകയായിരുന്നു. ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ, തഹസിൽദാർ ഓഫീസിൽ എത്തി. അപ്പോഴാണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്.