
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.
ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു. ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദ്ദേവും ഉള്ളപ്പോഴാണ് ഗവർണർക്ക് അധിക തുക അനുവദിച്ചത്.
നേരത്തെ രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെയും 20 താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
Also Read: 'രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam