വായ്പ തിരിച്ചടച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം തിരിച്ച് കിട്ടിയില്ല; കൂടൽ ഹൗസിങ്ങ് സൊസൈറ്റിക്കെതിരെ ഇടപാടുകാർ

Published : Jan 25, 2023, 02:51 PM IST
വായ്പ തിരിച്ചടച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം തിരിച്ച് കിട്ടിയില്ല; കൂടൽ ഹൗസിങ്ങ് സൊസൈറ്റിക്കെതിരെ ഇടപാടുകാർ

Synopsis

വായ്പ ചോദിച്ചെത്തിയവരുടെ ആധാരങ്ങൾ ഈട് വെച്ച് സൊസൈറ്റി ഹൗസിങ് ഫെഡറേഷനിൽ നിന്ന് വായ്പയെടുക്കുകയും ഈ തുക തിരിച്ചടക്കാതിരിക്കുകയുമായിരുന്നു

പത്തനംതിട്ട: വായ്പ എടുത്ത പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന് പത്തനംതിട്ട കൂടൽ ഹൗസിങ്ങ് സൊസൈറ്റിയിലെ ഇടപാടുകാരുടെ പരാതി. അഞ്ച് മുതൽ ഒൻപത് വർഷം വരെ ആധാരത്തിനായി സൊസൈറ്റിയിൽ കയറി ഇറങ്ങുകയാണ് പതിനൊന്നോളം പേർ. മുൻ ഭരണ സമിതിയുടെ കാലത്തെ അപാകതയാണെന്നും വേഗത്തിൽ നടപടിയുണ്ടാവുമെന്നും ഇപ്പോഴത്തെ ഭരണ സമിതി വിശദീകരിക്കുന്നു.

വൻ തട്ടിപ്പാണ് ഇതിന് പിന്നിൽ നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വായ്പ ചോദിച്ചെത്തിയവരുടെ ആധാരങ്ങൾ ഈട് വെച്ച് സൊസൈറ്റി ഹൗസിങ് ഫെഡറേഷനിൽ നിന്ന് വായ്പയെടുക്കുകയും ഈ തുക തിരിച്ചടക്കാതിരിക്കുകയുമായിരുന്നു. കൂടൽ സൊസൈറ്റിയിലെ മുൻ ഭരണ സമിതി ഇടപാടുകാരുടെ പണം ഹൗസിങ്ങ് ഫെഡറേഷനിൽ അടയ്ക്കാതെ സൊസൈറ്റിയിലെ ദൈനംദിന ആവശ്യങ്ങൾ ഉപയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഹൗസിങ് ഫെഡറേഷന് നൽകാനുള്ള പണം സൊസൈറ്റി നൽകിയാൽ മാത്രമേ യഥാർത്ഥ ഉടമകൾക്ക് ആധാരങ്ങൾ തിരികെ കിട്ടുകയുള്ളൂ.

വീട് വയ്ക്കാനായി ആധാരം പണയപ്പെടുത്തി വായ്പയെടുത്തവരാണ് ദുരിതത്തിലായത്. ഇടപാട് തീർത്തപ്പോൾ വായ്പ എടുത്തതിന്റെ ഇരട്ടിയിലധികം തുക മുതലും പലിശയും ചേർത്ത് തിരിച്ചടച്ചവരാണ് ഇവർ. എന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും വായ്പ ബാധ്യത തുടരുന്നു. കലഞ്ഞൂർ സ്വദേശിയായ രാമചന്ദ്രൻ നായർ 2003 ലാണ് പത്ത് സെന്റ് ഭൂമി പണയപ്പെടുത്തി 75000 രൂപ വായ്പ എടുത്തത്. 2016 ൽ വായ്പ തിരിച്ചടച്ചു. അന്ന് മുതൽ ആധാരം കിട്ടാനുള്ള ശ്രമം തുടങ്ങി. പക്ഷെ ഇതുവരെ ഫലമുണ്ടായില്ല. ഇതിനിടെ കരൾ രോഗ ബാധിതനായി രാമചന്ദ്രൻ നായർ മരിച്ചു. പത്തും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളുമായി രാമചന്ദ്രൻ നായരുടെ ഭാര്യ സ്മിത ഇപ്പോഴും ആധാരം കിട്ടാനുള്ള വഴികൾ തേടുകയാണ്. രാമചന്ദ്രനടക്കം നാല് പേർ ചേർന്ന് കോടതിയെ സമീപിച്ചിരുന്നു. മന്ത്രിമാർക്ക് വരെ പരാതിയും നൽകി. എന്നിട്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല.

PREV
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും