
കോഴിക്കോട്: ജയിലില്‍ കഴിയുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തി. ജയിലില്‍ വച്ച് ജോളി മാനസിക, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന ജോളിയെ കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. തുടര്‍ന്ന് തിരികെ ജോളിയെ ജയിലില്‍ എത്തിച്ചെങ്കിലും ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്.
പതിനാല് ദിവസത്തേക്കാണ് ജോളിയേയും മാത്യുവിനെയും പ്രജുകുമാറിനെയും റിമാൻഡ് ചെയ്തതിരിക്കുന്നത്. കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന പൊലീസ് സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയെ ഫോണിലൂടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ജോളിയെ തള്ളി ഭര്‍ത്താവ് ഷാജുവും സഹോദരന്‍ ജോബിയും രംഗത്തെത്തിയിരുന്നു. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്നാണ് നോബി പറയുന്നത്. എന്നാല്‍ ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുന്‍പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി പറഞ്ഞു.
ആദ്യഭാര്യ സിലിയുടെയും മകളുടെയും മരണങ്ങളില്‍ അന്ന് ദുരൂഹത തോന്നിയില്ലെന്നായിരുന്നു ഇന്നലെ ഷാജു ആവര്‍ത്തിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്നും ഷാജു പറഞ്ഞു. അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാലിപ്പോൾ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‍മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും ഷാജു ഇന്നലെ പറഞ്ഞിരുന്നു.
നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും വെല്ലുവിളി ഏറെയാണ്. വർഷങ്ങൾ പഴക്കമുള്ള കൊലപാതകങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്നം. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam