സമസ്ത നേതൃത്വം ശാസിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മുശാവറ അംഗം ഉമർ ഫൈസി മുക്കം. തന്നെ ആരും ശാസിക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോഴിക്കോട്: പാണക്കാട് തങ്ങൾ കുടുംബത്തിനെതിരായ പരാമർശത്തിൽ തന്നെ സമസ്ത നേതാക്കൾ ശാസിച്ചുവെന്ന വാർത്തകൾ തള്ളി മുശാവറ അംഗം ഉമർ ഫൈസി മുക്കം. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിഷയത്തിൽ സമസ്ത നേതൃത്വം വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് കുടുംബത്തെയോ ബാഫഖി തങ്ങളെയോ അധിക്ഷേപിച്ചു എന്നത് വാസ്തവവിരുദ്ധമാണെന്നും തന്റെ പ്രസംഗം മുഴുവൻ കേൾക്കാത്തവരാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വിവാദ പരാമർശങ്ങളിൽ സമസ്ത നേതൃത്വം ശാസന നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം. ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും താൻ അധിക്ഷേപിച്ചിട്ടില്ല. പാരമ്പര്യത്തെക്കുറിച്ച് താൻ പറഞ്ഞത് ഒരു മതപരമായ യാഥാർത്ഥ്യം മാത്രമാണ്. ശാസന ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു തരത്തിലുള്ള വിശദീകരണവും സമസ്ത നേതൃത്വം ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, പാണക്കാട് തങ്ങൾമാർക്കെതിരായ പരാമർശത്തിൽ മുക്കം ഉമർ ഫൈസിയെ സമസ്തയിലെ മുതിർന്ന നേതാക്കൾ നേരിട്ട് ശാസിച്ചതായാണ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ എന്നിവർ ഉമർ ഫൈസിയുടെ പ്രയോഗങ്ങൾ അപമര്യാദയാണെന്ന് വിലയിരുത്തി. മോശം പദപ്രയോഗങ്ങൾ പരിഹരിക്കണമെന്നും മേലിൽ ഇത്തരം വാക്കുകൾ ഉണ്ടാവരുതെന്നും നേതാക്കൾ താക്കീത് നൽകിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ഔദ്യോഗികമായി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശങ്ങൾ. "പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കേണ്ട. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴിപിഴച്ചു പോയവരെ പരിഗണിക്കാൻ കഴിയില്ല" എന്നായിരുന്നു ഉമർ ഫൈസി പറഞ്ഞത്. സമസ്ത വിലക്കിയവരുമായുള്ള പാണക്കാട് തങ്ങൾമാരുടെ കൂട്ടുകെട്ടിനെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. ഇത് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും സമസ്തയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

