കൈ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളി; ആത്മഹത്യ ശ്രമം വിശ്വസനീയമല്ലെന്ന് പൊലീസ്

Published : Feb 27, 2020, 09:14 AM ISTUpdated : Feb 27, 2020, 10:08 AM IST
കൈ ഞരമ്പ്  കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്ന് ജോളി; ആത്മഹത്യ ശ്രമം വിശ്വസനീയമല്ലെന്ന് പൊലീസ്

Synopsis

ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, സെല്ലിനുള്ളിൽ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ. 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. കൈഞരമ്പ് മുറിച്ചത് എങ്ങനെയാണ് എന്ന കാര്യത്തിലാണ് അവ്യക്തത. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് സെല്ലിലെ ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പൊലീസ് ജോളിയുടെ മൊഴിയെടുത്തത്. 

ജോളിയുടെ സുരക്ഷയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചു. ഏത് തരത്തിലാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്. ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, സെല്ലിനുള്ളിൽ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് നൽകിയ ജോലിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ജയിൽ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ ജോളിയെ പാര്‍പ്പിച്ചിരുന്നത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകപരമ്പര

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകപരമ്പര. സയനൈയ്ഡ് ഉപയോഗിച്ച് 17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയിൽ നടന്നത്. ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ ആദ്യഭര്‍ത്താവിന്‍റെ അമ്മ അന്നമ്മയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. 

ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോ തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ജോളി ഈ കൃത്യം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെയാണ് ജോളി അവസാനമായി കൊലപ്പെടുത്തിയത്. 

 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി