കോഴിക്കോട്: കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. തഹസിൽദാർ ജയശ്രീ വാര്യർ, കൂടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ , മധുസൂധനൻ നായർ എന്നിവർക്കാണ് കളക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.
റവന്യൂ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കലക്ടർ റവന്യൂ നടപടികളിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. മൂന്ന് പേരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി കലക്ടർ ജില്ല കളക്ടർക്ക് നൽകിയത്. ഈ റിപ്പോർട്ട് പരിശോധിച്ചാണ് കളക്ടർ മൂന്ന് പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി സ്ഥലം ഉടമയുടേത് അല്ലാതെ രണ്ട് തവണ നികുതി അടച്ചതായും റവന്യൂ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനിടെ, കൂടത്തായി കൊലപാതക പരമ്പര കേസ് മുഖ്യ പ്രതി ജോളിയെ പുലിക്കയത്ത് ഷാജുവിന്റെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. അൽഫൈൻ വധക്കേസിൽ തിരുവമ്പാടി സിഐയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബ്രെഡിൽ സയനൈഡ് കലർത്തി കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു. ഈ കാര്യം തെളിവെടുപ്പിൽ ജോളി വിശദീകരിച്ചു.
ഷാജുവിന്‍റെയും അച്ഛന്‍ സഖറിയാസിന്‍റെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച ജോളിയുമായി കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും തെളിവെടുപ്പ് നടത്തും. സിലി വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വെള്ളിയാഴ്ച മാത്യുവിനെ തെളിവെടുപ്പിന് കൊണ്ട് പോകാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam