കൂടത്തായി കൊലപാതകങ്ങള്‍; തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തി?

By Web TeamFirst Published Oct 11, 2019, 9:44 PM IST
Highlights

കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്

കോഴിക്കോട്: പ്രതികളുമായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ  തെളിവെടുപ്പില്‍ സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയെന്ന് പൊലീസ്. ജോളിയുടെ ബെഡ്റൂമിൽ  വായുഗുളിക കുപ്പിയിലായിരുന്നു വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത് . ജോളി തന്നെയാണ് ഇതെടുത്ത് കൊടുത്തത്. കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് . കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളില്‍ ജോളിയടക്കമുള്ള മൂന്ന് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പൊന്നാമറ്റം വീട്ടിലും മഞ്ചാടി മാത്യുവിന്‍റെ വീട്ടിലും പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിലും താമരശേരിയിൽ സിലി കൊല്ലപ്പെട്ട ദന്തല്‍ ക്ലിനിക്കിലും എന്‍ഐടി പരിസരത്തുമാണ് തെളിവെടുപ്പ് നടന്നത്. 

കൂടത്തായിയിൽ, കുടുംബാംഗങ്ങൾ ഒരോരുത്തരെയും ജോളി കൊലപ്പെടുത്തിയതിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ അമ്മ അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്താണ്  കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. റോയ് തോമസിന്‍റെ അച്ഛന്‍ ടോം തോമസിനും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിക്കും വൈറ്റമിൻ കാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി. റോയിക്കും അന്നമ്മയുടെ സഹോദരന്‍ മഞ്ചാടി മാത്യുവിനും മദ്യത്തിലും വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍റെ കൊലപാതകം ജോളി നിഷേധിച്ചിരുന്നു.

അതേസമയം കൂടത്തായി കൊലപാതകങ്ങളിലെ രണ്ടാം പ്രതിയായ മാത്യവിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രജുകുമാറിന്‍റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവിന് പ്രജുകുമാറുമായി ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇതോടെ ഇതിന് മുമ്പ് സയനൈഡ് എവിടെ നിന്ന് മാത്യുവിന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.  ഇതിനായി മാത്യുവിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.


 

click me!