Latest Videos

കൂടത്തായി: മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജോളി പൊലീസ് കസ്റ്റഡിയിൽ

By Web TeamFirst Published Nov 6, 2019, 5:15 PM IST
Highlights

ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിലി വധക്കേസിൽ സയനൈഡിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രജികുമാറിനെയും മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു.

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇത്തവണ മാത്യു മഞ്ചാടിയിലിന്‍റെ കൊലപാതകത്തില്‍ വിശദമായി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. സിലി കൊലക്കേസില്‍ പ്രജികുമാറിനേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

മാത്യു മഞ്ചാടിയില്‍ കൊലപാതക കേസില്‍ അഞ്ച് ദിവസത്തേക്കാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഒന്‍പത് ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസം മാത്രം അനുവദിക്കുകയായിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ ജോളിയെ വിശദമായി ചോദ്യം ചെയ്യും. മാത്യു മഞ്ചാടിയിലിന്‍റെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സിലി വധക്കേസിൽ സയനൈഡിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രജികുമാറിനെയും മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു. സിലി കൊലപാതക കേസ് അന്വേഷിക്കുന്ന വടകര തീരദേശ സിഐയും സംഘവും ജോളിയെയും, എം എസ് മാത്യുവിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

വ്യാജ ഒസ്യത്തുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ജോളിയുടെ ഒപ്പും കൈയ്യെഴുത്തും അന്വേഷണ സംഘത്തിന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ താമരശ്ശേരി കോടതി രേഖപ്പെടുത്തി. ഒരു പേജുള്ള കൈയ്യെഴുത്ത് ഇരുപത് തവണയും ഒപ്പ് മുപ്പത് തവണയുമാണ് ജോളിയുടെ കൈപ്പടയിൽ രേഖപ്പെടുത്തിയത്.

വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കൂടത്തായിയിലെ ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ പയ്യോളിയിലെ ക്രൈംബ്രാ‍ഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തി മൊഴിയെടുത്തിരുന്നു.

click me!