2ാംപിണറായി സർക്കാരിന്റെ 1ാംവാർഷികാഘോഷത്തിൽ കല്ലുകടിയായി കൂളിമാട് പാലം; വകുപ്പ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം

By Web TeamFirst Published May 18, 2022, 5:52 AM IST
Highlights

കൂളിമാട് കടവില്‍ പാലത്തിനായി കിഫ്ബി ആദ്യം അനുവദിച്ചത് 17 കോടി. പിന്നീടിത് 25 കോടിയായി ഉയര്‍ത്തി. രണ്ട് പാലങ്ങളും മലപ്പുറം ജില്ലയില്‍ എത്തിച്ചേരുന്നത് എടവണ്ണപ്പാറയില്‍. കിഫ്ബി ഒരു പദ്ധതിക്കായി ഫണ്ട് അനുവദിക്കുന്പോള്‍ ആ പദ്ധതിയുടെ ചെലവും നേട്ടവും താരതമ്യം ചെയ്ത് കോസ്റ്റ് ബെനഫിറ്റ് അനാലിസിസ് നടത്താറുണ്ട്. തൊട്ടടുത്ത പാലത്തെ പരിഗണിക്കാതെ എന്ത് കോസ്റ്റ് ബെനഫിറ്റ് അനാലിസിസാണ് ഇവിടെ നടത്തിയത് എന്നതാണ് ചോദ്യം

കോഴിക്കോട്: കൂളിമാട് കടവ് പാലത്തിന്‍റെ (koolimad bridge)തകര്‍ച്ചയാണ് (collapse)രണ്ടാം പിണറായി സര്‍ക്കാരിന്‍റെ(pinari govt) ഒന്നാം വാര്‍ഷിക വേളയില്‍ പൊതുമരാമത്ത് വകുപ്പിനെ വെട്ടിലാക്കുന്നത്. അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ചും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉളള പ്രദേശത്താണ് 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മിച്ചത് എന്നത് വകുപ്പിന്‍റെയും കിഫ്ബിയുടെയും കാര്യക്ഷമത സംബന്ധിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്ട് നിര്‍മിക്കുന്ന പ്രധാന പദ്ധതികളിലൊന്ന്. വാര്‍ഷിക വേളയില്‍ സര്‍ക്കാരിന്‍റെ വലിയ നേട്ടമായി അവതരിപ്പിക്കാനിരുന്ന പദ്ധതി. കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് ബിമുകളില്‍ വന്ന തകര്‍ച്ച 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് മാത്രമല്ല പൊതുമരാമത്ത് വകുപ്പിന്‍റെ ആകെ പ്രവര്‍ത്തനങ്ങളെക്കൂടിയാണ് സജീവ ചര്‍ച്ചയിലേക്കും സൂക്ഷ്മ നിരീക്ഷണത്തിലേക്കും കൊണ്ടുവരുന്നത്.

2019 മാര്‍ച്ച് മാസം നിര്‍മാണം തുടങ്ങിയ പദ്ധതി. നിര്‍മാണച്ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിന്. കരാര്‍ കിട്ടിയതാകട്ടെ ഐഎസ്ഓ 9001 അംഗീകാരമുളള പ്രമുഖ കന്പനിയും മുന്‍കൂര്‍ യോഗ്യതയുളള കരാറുകാരുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസിറ്റിക്ക്. സര്‍ക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും അഭിമാന പദ്ധതികളിലൊന്നായി അവതരിപ്പിക്കാനിരുന്ന ഈ പാലത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നത് റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍. ഇത്രയെല്ലാമായിട്ടും പാലത്തിന്‍റെ പ്രധാന മൂന്ന് ബീമുകളാണ് തകര്‍ന്ന് വീണത്. 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച ബീമുകളാണ് തകര്‍ന്നത്.

മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കാന്‍ ചാലിയാറിന് കുറുകെ ഒരേ പ്രദേശത്ത് നിരവധി പാലങ്ങള്‍. ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കൂളിമാട് എടശേരിക്കടവ് , കുനിയില്‍ അരീക്കോട് , അരീക്കോട് മൈത്ര തുടങ്ങിയ പാലങ്ങള്‍ നിലനില്‍ക്കെയാണ് കൂളിമാട് കടവിലും ഒന്നരകിലോമീറ്റര്‍ മാത്രം മാറിയുളള എളമരം കടവിലും പുതിയ പാലങ്ങള്‍ക്ക് ഫണ്ടനുവദിക്കപ്പെട്ടതും നിര്‍മാണം തുടങ്ങിയതും. ആദ്യം ഫണ്ട് പാസായത് എളമരംകടവ് പാലത്തിന്. കേന്ദ്ര റോഡ് ഫണ്ട് ബോര്‍ഡ് അനുവദിച്ചത് 35 കോടി. 

കൂളിമാട് കടവില്‍ പാലത്തിനായി കിഫ്ബി ആദ്യം അനുവദിച്ചത് 17 കോടി. പിന്നീടിത് 25 കോടിയായി ഉയര്‍ത്തി. രണ്ട് പാലങ്ങളും മലപ്പുറം ജില്ലയില്‍ എത്തിച്ചേരുന്നത് എടവണ്ണപ്പാറയില്‍. കിഫ്ബി ഒരു പദ്ധതിക്കായി ഫണ്ട് അനുവദിക്കുന്പോള്‍ ആ പദ്ധതിയുടെ ചെലവും നേട്ടവും താരതമ്യം ചെയ്ത് കോസ്റ്റ് ബെനഫിറ്റ് അനാലിസിസ് നടത്താറുണ്ട്. തൊട്ടടുത്ത പാലത്തെ പരിഗണിക്കാതെ എന്ത് കോസ്റ്റ് ബെനഫിറ്റ് അനാലിസിസാണ് ഇവിടെ നടത്തിയത് എന്നതാണ് ചോദ്യം. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തുടക്കമിട്ട പദ്ധതികളുടെ പൂര്‍ത്തീകരണം ആഘോഷമായി നടത്തുന്നതിനപ്പുറം പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നില്ലെന്ന വിമര്‍ശനമാണ് പൊതുമരാമത്ത് വകുപ്പിനെതിരെ വ്യാപകമായുളളത്. ജി സുധാകരന്‍റെ കാലത്ത് കേന്ദ്ര റോഡ് ഫണ്ട് ബോര്‍ഡ് ഫണ്ടുപയോഗിച്ച് നടപ്പാക്കിയ പദ്ധതികളുടെ എണ്ണവുമായി താരതമ്യം ചെയ്താണ് പ്രധാനമായും ഈ വിമര്‍ശനം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ കൈവരിച്ച നിരവധി നേട്ടങ്ങളാണ് വിമര്‍ശകര്‍ക്കു മുന്നില്‍ പൊതുമരാമത്ത് വകുപ്പ് വയ്ക്കുന്നത്. കുതിരാന്‍ തുരങ്കം, ഹരിപ്പാട് വലിയഴീക്കല്‍ പാലം, കാഞ്ഞങ്ങാട് റെയില്‍ ഓവര്‍ ബ്രിഡ്ജ്, എടപ്പാൾ മേല്‍പ്പാലം,

കായംകുളം കൂട്ടുംവാതുക്കല്‍ പാലം, തലശേരി -എരഞ്ഞോളി പാലം തുടങ്ങി ഒരുപിടി പദ്ധതികള്‍. എല്ലാ പദ്ധതികളും നിരീക്ഷിക്കാനുള്ള മാനേജ്മെന്‍റ് സിസ്റ്റം, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എല്ലാ പദ്ധതികളിലും പരിപാലന കാലാവധി ബോര്‍ഡുകള്‍

പദ്ധതികള്‍ വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ യോഗം. ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണം തുടങ്ങിയ പരിഷ്കാരങ്ങളും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

click me!