
കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം നല്ല രീരിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണ്. ടെക‍്‍നിക്കൽ, മാന്വൽ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ PWD വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
റിപ്പോർട്ട് വേഗത്തിൽ കൈമാറാൻ നിർദേശിച്ചതായും റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും റിയാസ് വ്യക്തമാക്കി. അപകടം ആവർത്തിക്കപ്പെടരുത്. ഉദ്യോഗസ്ഥരായാലും കരാർ എടുത്തവരായാലും വീഴ്ച ഉണ്ടങ്കിൽ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. തെറ്റിനോട് വിട്ടുവീഴ്ചയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
റിപ്പോർട്ട് തള്ളിയിട്ടില്ലെന്ന് മന്ത്രി
കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തത്. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കപ്പെടും. ഊരാളുങ്കലിന്‍റെ വാദം അതേപടി അംഗീകരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് ഒരു മാസം പൂര്‍ത്തിയാകാനിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കയ്യില്‍ കിട്ടിയ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉടനടി മടക്കി. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം.അന്‍സാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളെക്കുറിച്ചാണ് പറയുന്നത്. ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴവുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ്, ഇതില്‍ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്തെന്ന് വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. മാനുഷിക പിഴവാണെങ്കില്‍ വിധഗ്‍ധ തൊഴിലാളികള്‍ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എഞ്ചിനീയേഴ്സ് അസോസിയേഷന്‍റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam