
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികൾ. നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിനിടെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്ന കലാ രാജു തിരിച്ചെത്തി.
സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന സിപിഎം, തങ്ങൾ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്.
എൽ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങൾ ഉണ്ടായത്. പൊലീസ് നോക്കിനിൽക്കെ സിപിഎം കൗൺസിലർമാർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. പിന്നീട് ആരോപണവുമായി കലാ രാജുവിൻ്റെ മക്കളും രംഗത്ത് വന്നിരുന്നു. ഇവരാണ് പൊലീസിൽ പരാതി നൽകിയത്. പാർട്ടി ഓഫീസിൽ നിന്ന് വൈകിട്ട് ഇറങ്ങിയ കലാ രാജു ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്കൊപ്പം മറ്റ് സിപിഎം കൗൺസിലർമാരും ചികിത്സ തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam