സി ജെ റോയിയുടെ സംസ്കാരം നാളെ . ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.

ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 2 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാം​ഗങ്ങൾ അറിയിച്ചു.

അതേസമയം, പൊലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. സി ജെ റോയിയുടെ പണമിടപാടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ നിന്ന് അമ്മയെ ഫോൺ ചെയ്യാൻ എന്ന് പറഞ്ഞാണ് സി ജെ റോയ് മടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ മരണത്തിനു മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വയം വെടിയുതിർത്തത് സൈലൻസർ പിടിപ്പിച്ച തോക്കിൽ നിന്നുമാണ്. വെടിയൊച്ച പുറത്ത് കേട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. വെടിയുണ്ട തറച്ചത് ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ക്ലോസ് റേഞ്ചിൽ നിന്ന് വെടിയുതിർത്തു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.