
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്‍റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെജിഎംഒഎയും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കും. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവെക്കും. കൊല്ലം ജില്ലയിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഇന്ന് നിർത്തിവയ്ക്കും.
സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് സംഘടന ആവശ്യപ്പെടുന്നു. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്ന് കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെടുന്നു.
Also Read: ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് (23) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam