Asianet News MalayalamAsianet News Malayalam

ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ

നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

doctor Vandana murder news details prm
Author
First Published May 10, 2023, 9:53 AM IST

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവിന്റെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. അഞ്ചോളം കുത്തുകൾ വന്ദനക്കേറ്റുവെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  പൊലീസുകാർക്കും കൈക്കും ശരീരത്തിലും കുത്തേറ്റു. പ്രതി സന്ദീപ് അധ്യാപകനാണെന്നും നാട്ടുകാർ പറയുന്നു. 

നിലത്തുവീണ ഡോക്ടറെ സർജിക്കൽ ഉപകരണങ്ങൾ ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസിന്റെ ഭാ​ഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടിൽ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ട്. 

പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടിൽ വെച്ച് അതിക്രമങ്ങൾ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയിൽ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.

ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും തടയാൻ ശ്രമിച്ചവരെയും കുത്തുകയായിരുന്നു. അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുറകിലും നെഞ്ചിലും നിരവധിത്തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്തു. 

കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു, ആക്രമിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി

Follow Us:
Download App:
  • android
  • ios