
കൊല്ലം: സീറ്റ് കിട്ടിയില്ലെങ്കിൽ സിപിഎം വിടുമെന്ന പ്രചാരണങ്ങൾ തള്ളി കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ആര് മൽസരിച്ചാലും വിജയം ഉറപ്പാണെന്നും അയിഷാ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു തവണ എംഎൽഎ ആയ അയിഷയെ മാറ്റി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎൻ ബാലഗോപാലിനെ ഇക്കുറി സിപിഎം കൊട്ടാരക്കരയിലിറക്കിയേക്കും.
രണ്ടിലധികം തവണ തുടർച്ചയായി ജയിച്ചവർക്ക് ഇക്കുറി സിപിഎം സീറ്റു നൽകിയേക്കില്ലന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് സീറ്റു നിഷേധിക്കപ്പെട്ടാൽ അയിഷ പോറ്റി പാർട്ടി വിടുമെന്ന പ്രചാരണങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായത്. ഈ പ്രചാരണങ്ങളെയാണ് അയിഷാ പോറ്റി ഇതാദ്യമായി പൂർണമായും തള്ളിക്കളയുന്നത്.
സിപിഎം നൽകിയ എല്ലാ അവസരങ്ങളിലും പൂർണ തൃപ്തയാണെന്നും താൻ അധികാരത്തിന് പുറകേ പോകുന്നയാളല്ലെന്നും അയിഷ പോറ്റി പറഞ്ഞു. ആരു മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും മണ്ഡലത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ച ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അയിഷ മാറിയാൽ സീറ്റ് ആഗ്രഹിക്കുന്ന ഏറേ പേർ പാർട്ടിയിൽ ഉണ്ടെങ്കിലും സുരക്ഷിത മണ്ഡലം എന്നു സിപിഎം വിലയിരുത്തുന്ന കൊട്ടാരക്കരയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.ബാലഗോപാലിലേക്കു തന്നെ സ്ഥാനാർഥിത്വം എത്താനുള്ള സാധ്യതകളാണ് ശക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam