'ഇനിയും ഘടകകക്ഷി നേതാക്കളെ എംഎൽഎ ആക്കേണ്ട'; ഇടുക്കി സീറ്റ് തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Jan 24, 2021, 7:43 AM IST
Highlights

മണ്ഡലത്തിന് പുറത്തുള്ള, ഒട്ടും അറിയപ്പെടാത്ത സ്ഥാനാർത്ഥികളെ പോലും ജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് കോണ്‍ഗ്രസിനുണ്ട്. എന്നാൽ ഇനി മുതൽ ആരാന് വേണ്ടി വെയിൽ കൊള്ളേണ്ടതില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം.
 

ഇടുക്കി: ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിൽ നിന്നേറ്റെടുക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസിൽ ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ട് ഇനിയും ഘടകകക്ഷിനേതാക്കളെ എംഎൽഎമാർ ആക്കേണ്ടെന്നും, ജോസഫിന്റെ പിടിവാശി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തിരിച്ചടി നേതൃത്വം കാണണമെന്നുമാണ് കോണ്ഗ്രസുകാരുടെ ആവശ്യം.

ഇടുക്കി ജില്ലയിൽ തന്നെ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമെങ്കിലും , 1991 മുതൽ ഘടകകക്ഷികളുടെ കയ്യിലാണ് ഇടുക്കി നിയോജകമണ്ഡലം. മണ്ഡലത്തിന് പുറത്തുള്ള, ഒട്ടും അറിയപ്പെടാത്ത സ്ഥാനാർത്ഥികളെ പോലും ജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് കോണ്‍ഗ്രസിനുണ്ട്. എന്നാൽ ഇനി മുതൽ ആരാന് വേണ്ടി വെയിൽ കൊള്ളേണ്ടതില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന്റെ പിടിവാശിമൂലം മുന്നണിക്ക് തിരിച്ചടിയുണ്ടായി. ഇടുക്കി മണ്ഡലത്തിൽ ദുർബലരായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് കൊടുത്താൽ ജയിച്ചുകയറുമെന്ന് പ്രതീക്ഷയില്ല. അതേസമയം ഇടുക്കിയിലെ രണ്ട് സീറ്റിലും മത്സരിക്കുമെന്ന നിലപാടിൽ തന്നെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

click me!