
കൊല്ലം: എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ പരസ്യ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻ എസ് എസ് യൂണിയൻ രംഗത്ത്. എൻ എസ് എസ് സംഘടനയേയും ജനറൽ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗണേഷിന്‍റെ നടപടിയിൽ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആഗസ്റ്റ് 15 ന് കൂടുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി തങ്കപ്പൻ പിള്ളയും സെക്രട്ടറി സി അനിൽകുമാറും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എൻ എസ് എസ് വിഷയത്തിൽ ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഇന്ന് തുടർച്ചയായ വിമർശനങ്ങളുമായി ഗണേഷ് രംഗത്തെത്തിയിരുന്നു. ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍ എസ് എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ടെന്നും അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലമെന്നും ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു. ചിലർ ചോദിക്കുന്നത് കേട്ടു എന്തുകൊണ്ട് മുൻപ് ഒന്നും പറഞ്ഞില്ലാ എന്ന്, മുൻപും, പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സംഘടനയിൽ പറയേണ്ട കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഡയറക്ടർ ബോർഡിൽ പറയേണ്ടത് അവിടെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്- ഗണേഷ് കുറിച്ചതിങ്ങനെയാണ്.
അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലം..
ചിലർ ചോദിക്കുന്നത് കേട്ടു എന്തുകൊണ്ട് മുൻപ് ഒന്നും പറഞ്ഞില്ലാ എന്ന്..
മുൻപും, പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
സംഘടനയിൽ പറയേണ്ട കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഡയറക്ടർ ബോർഡിൽ പറയേണ്ടത് അവിടെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്..
ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍.എസ്.എസ്. നെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ട്..(2026 ജൂണ്‍ 20 ഞായറാഴ്ച രാവിലെ എന്‍. എസ്. എസ്. ബഡ്ജറ്റ് സമ്മേളന വേദിയിൽ എടുത്ത ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്)
ഒരിക്കൽ കൂടി പറയുന്നു, ഞാൻ NSSനോ കരയോഗങ്ങൾക്കോ എതിരല്ലാ. ഇപ്പോൾ നായർ സർവീസ് സൊസൈറ്റിയെ നാശത്തിലെയ്ക്ക് കൊണ്ടുപോകുവാനുള്ള ചിലരുടെ ശ്രമങ്ങൾ കണ്ടപ്പോൾ അത് പൊതുസമൂഹത്തിനോട് തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് തോന്നി. ഇല്ലെങ്കിൽ മഹാനായ മന്നത്ത് ആചാര്യന്റെ ആത്മാവ് എന്നോട് പൊറുക്കില്ലാ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam